ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റിന്‍െറ മൂന്നിലൊരു ഭാഗം നശിച്ചതായി പഠനം
text_fieldsമെല്‍ബണ്‍: ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റിന്‍െറ മൂന്നിലൊരു ഭാഗം നശിച്ചതായി പഠനം. ഗ്രേറ്റ് ബാരിയര്‍ റീഫിന്‍െറ കേന്ദ്ര ഭാഗത്തെയും വടക്കന്‍ മേഖലകളിലെയും പവിഴപ്പുറ്റുകളാണ് വന്‍തോതിലുള്ള ബ്ളീച്ചിങ് മൂലം 35 ശതമാനവും നശിച്ചിരിക്കുന്നത്.
ഇവയില്‍ പലതും നാശത്തിന്‍െറ വക്കിലാണെന്നും പഠനം നടത്തിയ ക്വീന്‍സ്ലാന്‍ഡിലെ ജെയിംസ് കുക് സര്‍വകലാശാലാ പ്രഫസര്‍ ടെറി ഹ്യൂസ് പറഞ്ഞു. ആസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് 2300 കി.മീറ്ററിലുളള റീഫ് ലോക പൈതൃകപ്പട്ടികയിലിടം നേടിയിട്ടുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.
ആഗോളതാപനം മൂലം 18 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് വന്‍തോതിലുള്ള ബ്ളീച്ചിങ് റീഫില്‍ നടക്കുന്നത്. വെള്ളം ചൂടാകുന്നതുമൂലം പവിഴപ്പുറ്റ് ആല്‍ഗകളെ പുറന്തള്ളുകയും ചുണ്ണാമ്പുകട്ടയാവുകയും തുടര്‍ന്ന് വെള്ളനിറത്തിലാവുകയും ചെയ്യുന്ന പ്രക്രിയയാണ് ബ്ളീച്ചിങ്. ചെറിയ തോതില്‍ ബ്ളീച്ചിങ് നടക്കുന്ന പവിഴപ്പുറ്റ് ചൂട് കുറയുമ്പോള്‍ പൂര്‍വസ്ഥിതിയിലാകും.
എന്നാല്‍, വലിയ അളവിലുള്ള ബ്ളീച്ചിങ്ങാണെങ്കില്‍ ഇത് സാധ്യമാകില്ല. ഇത്തവണ എല്‍നിനോ പ്രതിഭാസം കടുത്തതും സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.