ബംഗ്ലാദേശ് ജമാഅത്ത് നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി
text_fieldsധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മുതിര്‍ന്ന നേതാവ് മിര്‍ ഖാസിം അലിയെ (63) തൂക്കിലേറ്റി. ധാക്കക്ക് പുറത്തുള്ള കാശിംപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30നാണ് വധശിക്ഷ നടപ്പാക്കിയത്. 1971ലെ ബംഗ്ളാദേശ് വിമോചനകാലത്ത് യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിച്ചാണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. യുദ്ധക്കുറ്റമാരോപിച്ച് ശൈഖ് ഹസീന സര്‍ക്കാറിന്‍െറ കാലത്ത് തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ പ്രതിപക്ഷ നേതാവും നാലാമത്തെ ജമാഅത്ത് നേതാവുമാണ് ഇദ്ദേഹം.
ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനങ്ങളുടെ കാര്യദര്‍ശിയും പ്രധാന സാമ്പത്തിക സ്രോതസ്സുമായിരുന്നു മിര്‍ ഖാസിം. സര്‍ക്കാര്‍ നിരോധിച്ച ടി.വി ചാനലുള്‍പ്പെടെ ഏതാനും മാധ്യമസ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും അദ്ദേഹത്തിന്‍െറ നിയന്ത്രണത്തിലായിരുന്നു. ജമാഅത്ത് സെന്‍ട്രല്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്നു. അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംഗ്ളാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയ കോടതി ജൂണ്‍ ആറിനാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്. പിന്നീട് സുപ്രീകോടതി വധശിക്ഷ ശരിവെച്ചപ്പോൾ പ്രസിഡന്‍റിന് ദയാഹരജി സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ദയാഹരജി സമര്‍പ്പിക്കാല്‍ അദ്ദേഹം സന്നദ്ധമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.
നേരത്തേ ട്രൈബ്യൂണലിന്‍െറ പ്രവര്‍ത്തനം സുതാര്യമല്ളെന്ന് ആംനസ്റ്റി അടക്കമുള്ള ആഗോള മനുഷ്യാവകാശ കൂട്ടായ്മകള്‍ പ്രസ്താവിച്ചിരുന്നു. വധശിക്ഷയില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. ജമാഅത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.