ചേരി ചേരാ ഉച്ചകോടിയിൽ കശ്മീർ വിഷയം പാകിസ്താൻ ഉന്നയിച്ചു
text_fieldsകരാക്കസ്: വെനിസ്വേലയിൽ നടക്കുന്ന ചേരി ചേരാ ഉച്ചകോടിയിൽ (നാം) കശ്മീർ വിഷയം പാകിസ്താൻ വീണ്ടും ഉന്നയിച്ചു. പാകിസ്താൻ വിദേശകാര്യ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസാണ് ഇക്കാര്യം ഉന്നയിച്ചത്. യു.എൻ രക്ഷാ കൗൺസിൽ നിർദേശത്തോടെയുള്ള പരിഹാര നടപടികൾ കശ്മീർ വിഷയത്തിൽ സ്വീകരിക്കാതെ തെക്കൻ ഏഷ്യയിൽ സമാധാനം കൈവരില്ലെന്ന് അസീസ് പറഞ്ഞു. സ്വയം നിർണയാവകാശമെന്ന അന്യാധീനപ്പെട്ട അവകാശത്തിനായി കശ്മീരികൾ കാത്തിരിക്കുകയാണ്. ദീർഘകാലമായി യു.എന്നിന് മുന്നിലുള്ള വിഷയങ്ങളാണ് കശ്മീരും ഫലസ്തീനും. നിഷ്കളങ്കരായ കശ്മീരികളെ ഇന്ത്യ സൈനിക ശക്തി ഉപയോഗിച്ച് അന്ധരും അംഗവൈകല്യമുള്ളവരുമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ രൂപത്തിലുള്ള ഭീകരവാദത്തെയും പാകിസ്താൻ അപലപിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ പതിനായിരക്കണക്കിന് ജീവനുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലവും പ്രവർത്തനങ്ങൾ ശക്തവും വിശാലവുമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഭീകരതക്കെതിരെ വിജയകരമായി പോരാടുന്നതിൽ പാകിസ്താൻ വിലയേറിയ അനുഭവങ്ങൾ നേടിയെടുത്തിട്ടുണ്ട്. അത് ചേരി ചേരാ ഉച്ചകോടിയിലെ അംഗരാജ്യങ്ങളുമായി പങ്കുവെക്കാൻ തയ്യാറാണെന്നും സർതാജ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.