ഉറി ആക്രമണത്തെ അപലപിച്ച് ബ്രിക്സ് രാജ്യങ്ങള്‍
text_fieldsന്യൂയോര്‍ക്: ഇന്ത്യയിലടക്കം അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച ബ്രിക്സ് രാജ്യങ്ങള്‍ ഭീകരതക്കെതിരായ ആഗോള നീക്കം ത്വരിതപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. ഇതിനായി യു.എന്നിന്‍െറ കീഴില്‍ ഉറച്ച നിയമ ചട്ടക്കൂട് വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് പുറമെ ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യു.എന്‍ ജനറല്‍ അസംബ്ളിയുടെ 71ാമത് ജനറല്‍ സെഷനിനോട് അനുബന്ധമായി ചേര്‍ന്ന യോഗത്തിലാണ് ഈ ആഹ്വാനം നടത്തിയത്. നയതന്ത്ര പങ്കാളിത്തവും സഹകരണവും രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഭീകരവാദം നേരിടുന്നതിന് ഫലപ്രദമായ കണ്‍വെന്‍ഷനുകള്‍ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്നും യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ അടക്കം ഫലപ്രദമായ പരിഷ്കരണങ്ങള്‍ ആവശ്യമാണെന്ന് ബ്രിക്സ് രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ആണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനുവേണ്ടി 17 ഇന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാണ്. വികസിതരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ ‘ഇന്ത്യഫോബിയ’യാണ് ഭീകരര്‍ക്കെതിരായ നടപടിയില്‍നിന്ന് പാകിസ്താനെ തടയുന്നതെന്ന് അഫ്ഗാനിസ്താന്‍ ആരോപിച്ചു. പാക് ഭരണകൂടത്തിന് സൈനികവും സിവിലിയന്‍ സംബന്ധവുമായ സമ്മര്‍ദങ്ങള്‍ ഉണ്ട്. അഫ്ഗാനും പാകിസ്താനുമിടയില്‍ വിശ്വാസ്യതയുടെ അഭാവവും നിലനില്‍ക്കുന്നുവെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. ഈ മൂന്നു കാരണങ്ങളാല്‍തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിന്‍െറ അധ്യായം തുറക്കാനാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനിലെ വടക്കന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസ് റദ്ദാക്കി. പാക് അധീന കശ്മീരിലെയും ഖൈബര്‍ പഖ്തുന്‍ക്വാ പ്രവിശ്യയിലെയും നഗരത്തിലേക്കുള്ള സര്‍വിസാണ് റദ്ദാക്കിയതെന്ന് പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഉറി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാക് യുദ്ധവിമാനങ്ങള്‍ കനത്ത ജാഗ്രതയിലാണെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.