അലപ്പോയില്‍ വ്യോമാക്രമണം: ഏഴ് മരണം
text_fieldsഡമസ്കസ്: വിമതകേന്ദ്രമായ വടക്കന്‍ സിറിയയിലെ അലപ്പോയില്‍ കനത്ത വ്യോമാക്രമണം. ആക്രമണത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരുകാലത്ത് സിറിയയുടെ വാണിജ്യ തലസ്ഥാനമായിരുന്ന അലപ്പോ 2012ലാണ് വിഭജിക്കപ്പെട്ടത്. പടിഞ്ഞാറന്‍ മേഖല സര്‍ക്കാറിന്‍െറയും കിഴക്കന്‍ മേഖല വിമതരുടെയും ആധിപത്യത്തിലാണ്.
യു.എന്‍ ദൗത്യസംഘത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. വിമത മേഖലയായ ബുസ്താന്‍ അല്‍ ഖസ്റില്‍ 14 തവണ വ്യോമാക്രമണം നടന്നതായി മനുഷ്യാവകാശ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മാസത്തിനിടെ മേഖലയിലുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.
രാജ്യത്ത് റഷ്യയുടെയും യു.എസിന്‍െറയും മധ്യസ്ഥതയില്‍ നടന്ന ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചിരുന്നു.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചക്കായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി വീണ്ടും കൂടിക്കാഴ്ചക്ക് തയാറാണെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി യു.എന്നില്‍ വ്യക്തമാക്കി. സിറിയയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും കെറി സമ്മതിച്ചു.
അതിനിടെ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന്‍െറ ധാര്‍മിക ഉത്തരവാദിത്തം യു.എസിനാണെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് ആരോപിച്ചു. യു.എന്‍ ദൗത്യസംഘത്തെ ആക്രമിച്ചത് സിറിയന്‍ സൈന്യമാണെന്ന യു.എസ് ആരോപണവും ബശ്ശാര്‍ തള്ളി. കഴിഞ്ഞയാഴ്ച സിറിയന്‍ സൈന്യത്തിന് നേരെ മനപ്പൂര്‍വം യു.എസ് ആക്രമണം നടത്തിയതായും ഇക്കാര്യം അബദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ആരോപിച്ച ബശ്ശാര്‍ ഐ.എസിനെതിരായുള്ള പോരാട്ടത്തില്‍ യു.എസിന് ചുവടുപിഴച്ചതായും അഭിപ്രായപ്പെട്ടു. എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബശ്ശാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.