ഒമാനില്‍നിന്ന് കോടികള്‍ കബളിപ്പിച്ച്; മലയാളി ബിസിനസുകാരന്‍ മുങ്ങി
text_fieldsമസ്കത്ത്: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒമാനില്‍ സ്വദേശികളില്‍നിന്നും മലയാളികളില്‍നിന്നുമായി കോടികള്‍ വാങ്ങി മലയാളി ബിസിനസുകാരന്‍ മുങ്ങി. എറണാകുളം കൊച്ചി സ്വദേശി ഖാസിം ഇസ്മായില്‍ ശൈഖിനെയാണ് ഒരു മാസം മുമ്പ് കാണാതായത്.
പാസ്പോര്‍ട്ട് സ്പോണ്‍സറുടെ കൈവശമാണുള്ളത്. അതിനാല്‍, ഇയാള്‍ ഒമാനില്‍നിന്ന് പുറത്തുകടന്നിട്ടുണ്ടോയെന്നത് വ്യക്തമല്ല. നാട്ടില്‍ എത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. നിക്ഷേപക വിസയിലുണ്ടായിരുന്ന ഖാസിം ഇസ്മായില്‍ ഹമരിയയില്‍ എ.സി പ്രോജക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു. എ.സി നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനായി പലയിടങ്ങളില്‍നിന്നും അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ജോലികള്‍ പകുതി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. ജോലി ഒട്ടും ആരംഭിക്കാത്ത സ്ഥലങ്ങളുമുണ്ട്.
ഏകദേശം ഒന്നര ലക്ഷം റിയാലോളം ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുമെന്ന് സ്പോണ്‍സറുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. വാദി കബീറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയില്‍നിന്ന് അമ്പതിനായിരം റിയാലാണ് ഈ പേരില്‍ ഇയാള്‍ വാങ്ങിയത്. ഇതില്‍ മുപ്പതിനായിരം റിയാലോളം ഇനിയും നല്‍കാനുണ്ട്. രണ്ടു വര്‍ഷത്തോളം ഒരുമിച്ച് ജോലിചെയ്തതിന്‍െറ വിശ്വാസത്തിലാണ് പണം നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.
എ.സി പ്രോജക്ടിനൊപ്പം അലങ്കാര മത്സ്യമടക്കം ബിസിനസുകളുടെ പേരിലും മലയാളികളില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്. നിര്‍മാണ കമ്പനിയില്‍ ജോലിചെയ്യുന്ന രണ്ടുപേരില്‍നിന്ന് 5000 റിയാലാണ് ഈ പേരില്‍ വാങ്ങിയത്. കമ്പനി സ്പോണ്‍സര്‍ അടക്കമുള്ളവരുടെ കൈയില്‍നിന്നും പണം വാങ്ങിയിട്ടുണ്ട്. ഖാസിം ഉപയോഗിച്ചിരുന്ന മൂന്നു മൊബൈല്‍ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമാണ്.
കുടുംബസമേതം മസ്കത്തിലായിരുന്നു താമസം. ഏതാനും മാസം മുമ്പ് കുടുംബത്തെ നാട്ടില്‍ അയച്ചിരുന്നു. ഇതിനകം ആറു പരാതികള്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും പൊലീസില്‍ നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പല പ്രോജക്ടുകള്‍ക്കും കമ്പനിയുടെ ഉറപ്പിലാണ് പണം വാങ്ങിയിരിക്കുന്നത്. അതിനാല്‍, പണം നഷ്ടപ്പെട്ടവരും പദ്ധതികള്‍ പൂര്‍ത്തികരിക്കാന്‍ ഉള്ളവരും സ്പോണ്‍സറെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.