ഇന്തോനേഷ്യയിൽ സൂനാമി: 400ലേറെ മരണം
text_fieldsജകാർത്ത: വീണ്ടുമൊരു സൂനാമികൂടി ഇന്തോനേഷ്യയെ പിടിച്ചുലച്ചു. സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിലും സൂനാമിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. സൂനാമിയുണ്ടായ പാലുവിലെ മാത്രം കണക്കാണിത്. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു. രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ സാധിക്കാത്തത് ദുരന്തം ഇരട്ടിയാക്കി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി.
കടൽത്തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഒൗദ്യോഗിക ഏജൻസികളുടെ കണക്കുപ്രകാരം മരണസംഖ്യ 384 ആണ്. സൂനാമിയുണ്ടായ പാലുവിലെ ജനസംഖ്യ മൂന്നരലക്ഷമാണ്. ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. ഇത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമെന്ന് ഭയക്കുന്നതായും അധികൃതർ പറഞ്ഞു. ബീച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്.
അതുകൊണ്ടുതന്നെ മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. റിക്ടർ സ്കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. സൂനാമിയുടെ ഭീകരത വ്യക്തമാക്കുന്ന വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ ശനിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം. വൈകാതെ സമാന തീവ്രതയുള്ള ഭൂചലനം പാലുവിലും അനുഭവപ്പെട്ടു. ആദ്യ ഭൂചലനം ഉണ്ടായപ്പോൾതന്നെ സൂനാമി മുന്നറിയിപ്പു നൽകി. പിന്നീടത് പിൻവലിച്ചിരുന്നു. എന്നാൽ, അധികം കഴിയും മുേമ്പ സൂനാമി ആഞ്ഞടിച്ചു.
ഭൂചലനം നിരന്തരം നാശം വിതക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. 2004 ഡിസംബർ 26ന് സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് ഉണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലെ 2.2 ലക്ഷം പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ 1.68 ലക്ഷവും ഇന്തോനേഷ്യക്കാരാണ്. 2006ൽ യോഗ്യകർത്തായിലെ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ 6000 പേർ കൊല്ലപ്പെട്ടു. ഈ വർഷം ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ 550 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.