കാട്ടുതീ: ആസ്ട്രേലിയയിൽ അടിയന്തരാവസ്ഥ
text_fieldsെമൽബൺ: കാട്ടുതീ പടർന്ന ആസ്ട്രേലിയൻ സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നിവിടങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണക്കാറ്റ് കാരണം ശനിയാഴ്ച കാട്ടുതീ കടുത്തേക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിെൻറ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. നാട്ടുകാരെയും വിനോദസഞ്ചാരികളെയും ഒഴിപ്പിച്ച് റോഡുകൾ അടച്ചിടാനും സർക്കാർ തീരുമാനിച്ചു.
രാജ്യത്തിെൻറ തെക്കുകിഴക്കൻ മേഖലയിൽ പുതുവർഷ ദിനത്തിൽ തീഗോളങ്ങൾ വ്യാപിച്ചതോടെ എട്ടുപേർ കൊല്ലപ്പെടുകയും അവധിയാഘോഷിക്കാനെത്തിയവർ ചിതറിപ്പോവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശനിയാഴ്ച കാര്യങ്ങൾ ഗുരുതരമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ കാട്ടുതീ പടർന്ന ഇടങ്ങളിൽനിന്ന് ജനങ്ങളെ നിർബന്ധപൂർവം ഒഴിപ്പിക്കാനും റോഡുകൾ അടക്കാനുമാണിത്.
അഗ്നിശമന വിഭാഗത്തെ കാത്തുനിൽക്കാതെ തീ പടർന്ന മേഖലകളിൽനിന്ന് സ്വയം രക്ഷപ്പെടാൻ അധികൃതർ നിർദേശിച്ചു. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സമയമെടുക്കുമെന്നതിനാലാണിത്. ഉഷ്ണക്കാറ്റുള്ള പ്രയാസമേറിയ ദിനത്തിലൂടെയാണ് കാര്യങ്ങൾ കടന്നുപോകുന്നതെന്ന് മേഖല അഗ്നിശമന കമീഷണർ ഷാനെ ഫിറ്റ്സിമ്മൻ പറഞ്ഞു. വ്യാഴാഴ്ച വരെ 113 തീപിടിത്തങ്ങളിലായി 40 ലക്ഷം ഹെക്ടർ ഭൂമിയാണ് ന്യൂ സൗത്ത് വെയിൽസിൽ കത്തിയത്.
കാട്ടുതീ പടർന്ന കിഴക്കൻ ഗിപ്സ്ലൻഡ് മേഖലയിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ വിക്ടോറിയ സംസ്ഥാന ഭരണകൂടം ആവശ്യപ്പെട്ടു. മലക്കൂട്ടമേഖലയിൽ രക്ഷാദൗത്യത്തിന് നാവികസേന കപ്പലുകൾ വെള്ളിയാഴ്ച രാവിലെ എത്തുമെന്ന് വിക്ടോറിയ പ്രധാനമന്ത്രി ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
വിക്ടോറിയയിൽ ഒരാളും ന്യൂ സൗത്ത് വെയിൽസിൽ ഏഴുപേരുമാണ് ഇതുവരെ മരിച്ചത്. വിക്ടോറിയയിൽ 17 പേരെ കാണാതായിട്ടുമുണ്ട്. കാട്ടുതീ തടയാനും പരിസ്ഥിതി സംരക്ഷിക്കാനും ആവുന്നതെല്ലാം ചെയ്യുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.