അന്തരീക്ഷ മലിനീകരണം വർഷം 70 ലക്ഷം മരണമെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: ആഗോള ജനസംഖ്യയുടെ 90 ശതമാനവും ശ്വസിക്കുന്നത് ഗുരുതരമായി മലിനമാക്കപ്പെട്ട വായുവെന്ന് ലോകാരോഗ്യ സംഘടന. മോശം വായു ശ്വസിച്ചുണ്ടാകുന്ന രോഗങ്ങൾമൂലം പ്രതിവർഷം 70 ലക്ഷം പേർ മരണത്തിന് കീഴടങ്ങുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിെൻറ ശാപം കൂടുതൽ പേറുന്നത് ഇതിൽ കാര്യമായ പങ്കുവഹിക്കാത്ത ദരിദ്ര രാജ്യങ്ങളിലെ കോടിക്കണക്കിനു പേരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്റോസ് അദ്നോം ഗെബ്രെയെസൂസ് പറഞ്ഞു.
108 രാജ്യങ്ങളിലെ 4300 നഗരങ്ങൾ കേന്ദ്രീകരിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. രണ്ടു വർഷം മുമ്പ് നടന്ന പഠനത്തെ അപേക്ഷിച്ച് 1000 പട്ടണങ്ങൾ ഇത്തവണ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം കൂടുതൽ പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങളിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും മലിനമായ ആദ്യ 20 പട്ടണങ്ങളിൽ 14ഉം ഇന്ത്യയിലാണെന്ന വിവരവും റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്. ഡൽഹി, വാരാണസി, കാൺപുർ, ഫരീദാബാദ്, ഗയ, പട്ന, ആഗ്ര, മുസഫർപുർ, ശ്രീനഗർ, ഗുഡ്ഗാവ്, ജയ്പുർ, പട്യാല, ജോധ്പുർ തുടങ്ങിയവയാണ് പട്ടികയിൽ ഇടംപിടിച്ച നഗരങ്ങൾ.
കറുത്ത കാർബൺ, നൈട്രേറ്റ്, സൾഫേറ്റ് എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിൽ പങ്കുവഹിക്കുന്ന പ്രധാന ഘടകങ്ങൾ. ശ്വാസകോശം, ഹൃദയം, രക്തധമനികൾ എന്നിവക്കാണ് ഇവ കൂടുതൽ ആഘാതമേൽപിക്കുന്നത്.
മസ്തിഷ്കാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, ശ്വസന പ്രശ്നങ്ങൾ, ന്യൂമോണിയ തുടങ്ങിയവ ബാധിച്ചാണ് മരണങ്ങളിലേറെയും. ആഗോള ജനസംഖ്യയുടെ 40 ശതമാനത്തിനും നിലവിൽ ശുദ്ധമായ പാചക ഇന്ധനമോ സാേങ്കതികതകളോ ലഭ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
മലിനീകരണം മൂലമുള്ള മരണങ്ങളിൽ 42 ലക്ഷവും പുറത്തെ മലിനവായു മൂലമാണ്. മോശം ഇന്ധനവും സാേങ്കതികതയും മൂലം വീടകങ്ങളിലെ മലിനീകരണം അവശേഷിച്ച 38 ലക്ഷം പേരുടെ മരണത്തിനും കാരണമായിട്ടുണ്ട്.
ഹൃദ്രോഗം മൂലം 34 ശതമാനം, ന്യൂമോണിയ- 21 ശതമാനം, മസ്തിഷ്കാഘാതം- 20 ശതമാനം, ശ്വസനപ്രശ്നങ്ങൾ- 19 ശതമാനം, ശ്വാസകോശ അർബുദം- 7 ശതമാനം എന്നിങ്ങനെയാണ് ഏകദേശ കണക്ക്. ആഫ്രിക്കയിലെ 47 രാജ്യങ്ങളിൽ ഏഴെണ്ണത്തിനു മാത്രമാണ് ശുദ്ധവായു ലഭ്യമാകുന്നതെന്നും റിപ്പോർട്ട് പറയുന്നു. ലോകത്തെ വൻകിട നഗരങ്ങളിൽ ഒട്ടുമിക്കത്തും സുരക്ഷിത വായുവിെൻറ പരിധി പാലിക്കാത്തവയാണെന്നും കണക്കുകൾ തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.