40 ശതമാനം റോഹിങ്ക്യകളും രാഖൈൻ വിട്ടതായി യു.എൻ
text_fieldsന്യൂയോർക്: മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്തുള്ള റോഹിങ്ക്യൻ മുസ്ലിംകളിൽ 40 ശതമാനവും രാജ്യം വിട്ടതായി യു.എൻ. ആഗസ്റ്റ് 25 മുതൽ 3,89,000 പേർ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയതായും യു.എൻ അറിയിച്ചു. യു.എൻ സെക്രട്ടറി ജനറലിെൻറ വക്താവ് സ്റ്റീഫൻ ദുജാറിക്കാണ് ഇക്കാര്യമറിയിച്ചത്. ‘‘കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പലായനം ചെയ്തത് 10,000ത്തോളം പേരാണ്. അവസാന കണക്കുകൾ പ്രകാരം രാഖൈൻ സംസ്ഥാനത്തെ 40 ശതമാനം റോഹിങ്ക്യകളും രാജ്യം വിട്ടു’’ -സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യകളിൽ 60 ശതമാനവും കുട്ടികളാണ്. ഇവർക്കാവശ്യമായ വെള്ളവും ഭക്ഷണവും മറ്റു അവശ്യസാധനങ്ങളും യൂനിസെഫ് എത്തിക്കുന്നുണ്ട്. ബംഗ്ലാദേശ് സർക്കാർ സഹായങ്ങളൊരുക്കാൻ തയാറാവുന്നുണ്ടെങ്കിലും അവ പര്യാപ്തമല്ല. ഏകദേശം 70 ലക്ഷം ഡോളർ ഇവരുടെ സഹായത്തിനായി ആവശ്യമാണ്. അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രദ്ധ എത്രയുംവേഗം ഇൗ വിഷയത്തിൽ എത്തേണ്ടതുണ്ടെന്നും യു.എൻ ജനറൽ സെക്രട്ടറി വക്താവ് വ്യക്തമാക്കി.
പ്രതിഷേധത്തിനിടയിലും ബംഗ്ലാദേശിലേക്കുള്ള അഭയാർഥികളുടെ പലായനം തുടകയാണ്. കഴിഞ്ഞദിവസം മാത്രം ആയിരത്തോളം ആളുകൾ അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തി. റോഹിങ്ക്യകളെ വഹിച്ചുകൊണ്ടുള്ള ഡസൻ കണക്കിന് ബോട്ടുകൾ മ്യാന്മറിൽനിന്ന് ബംഗ്ലാദേശ് ലക്ഷ്യമാക്കി പുറപ്പെട്ടുകഴിഞ്ഞു. അതിൽ ഒരു ബോട്ട് ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിലെ തെക്നാഫിൽ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോട്ടിലെ തിക്കിലും തിരക്കിലുംപെട്ട് കടലിൽ വീണ രണ്ടുപേരെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ, കലാപം ഉടലെടുത്തതിനുശേഷം മുങ്ങിമരിച്ച റോഹിങ്ക്യകളുടെ എണ്ണം 88 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.