രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന് ശരീഫിന്‍റെ മുന്നറിയിപ്പ്
text_fieldsഇസ്ലാമാബാദ്: ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്. ശരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന സിവിലിയന്മാരും സൈനിക മേധാവികളും പങ്കെടുത്ത രഹസ്യ യോഗത്തിലാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെട്ടത്. കൂടാതെ യോഗത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെകുറിച്ച് ചർച്ച നടന്നതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.
പത്താൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങൾ സംബന്ധിച്ച കേസുകളിലും അന്വേഷണത്തിലും നടപടികൾ വേഗത്തിലാക്കണം. സർക്കാർ കൈക്കൊള്ളുന്ന നടപടികൾ വൈകിയാൽ രാജ്യാന്തര തലത്തിൽ രാജ്യം ഒറ്റപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പത്താൻകോട്ട് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ശരീഫ് നിർദേശം നൽകണമെന്നതാണ് യോഗത്തിന്‍റെ ഒന്നാമത്തെ തീരുമാനം. ഇതോടൊപ്പം റാവൽപിണ്ടി ഭീകരവിരുദ്ധ കോടതി പരിഗണിക്കുന്ന മുംബൈ ഭീകരാക്രമണം കേസിന്‍റെ വിചാരണ പുനരാരംഭിക്കാൻ നടപടിയും സ്വീകരിക്കണം.
ഐ.എസ്.ഐ മേധാവിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രവിശ്യകൾ സന്ദർശിച്ച് പ്രവിശ്യാ ഭരണകൂടങ്ങളുമായും ഐ.എസ്.ഐ മേഖലാ കമാൻഡർമാരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ ധരിപ്പിക്കണം എന്നതാണ് മറ്റൊരു തീരുമാനം. നിരോധിത തീവ്രവാദി ഗ്രൂപ്പുകൾക്കെതിരായ സർക്കാർ നടപടികളിൽ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ഇടപെടരുതെന്ന സന്ദേശം കൈമാറണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.