കുഞ്ഞിനെ മടിയിലിരുത്തി പ്രവേശന പരീക്ഷയെഴുതി അഫ്ഗാൻ യുവതി
text_fieldsകാബൂൾ: കുഞ്ഞിനെ മടിയിലിരുത്തി സർവകലാശാല പ്രവേശന പരീക്ഷയെഴുതി താരമായിരിക്കയാണ് അഫ്ഗാൻ യുവതി. അഫ്ഗാനിസ്താനിലെ ഭൂരിപക്ഷം സ്ത്രീകളും നിരക്ഷരരായി കഴിയുന്ന സാഹചര്യത്തിലാണ് വിദ്യയുടെ വെളിച്ചത്തിനായി 25കാരിയായ ജഹന്തബിെൻറ പോരാട്ടം. 18ാം വയസ്സിലായിരുന്നു അവരുടെ വിവാഹം. വിവാഹത്തിനു ശേഷമാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. തുടർപഠനത്തിന് ദാരിദ്ര്യം വലിയ തടസ്സമായിരുന്നു. രണ്ടു മണിക്കൂറോളം കാടും മലകളും കാൽനടയായി താണ്ടിയും ഒമ്പതു മണിക്കൂറോളം ബസിൽ സഞ്ചരിച്ചും പ്രവിശ്യാ തലസ്ഥാനമായ നിലിയിലെ കേന്ദ്രത്തിലെത്തിയാണ് പരീക്ഷയെഴുതിയത്. ഗോതമ്പും തക്കാളിയും ചോളവും വിളയുന്ന ദൈക്കുണ്ടി പ്രവിശ്യയാണ് ജഹന്തബിെൻറ ജന്മദേശം.
നിർത്താതെ കരഞ്ഞതിനാലാണെത്ര മറ്റുള്ളവരുടെ എഴുത്ത് തടസ്സപ്പെടാതിരിക്കാൻ കുഞ്ഞിനെ മടിയിലിരുത്തി തറയിലിരുന്ന് എഴുതിയത്. മധ്യഅഫ്ഗാനിലെ നാസിർ ഖുസ്റാവു സ്വകാര്യ യൂനിവേഴ്സിറ്റി പ്രഫസറാണ് ചിത്രം പകർത്തിയത്. ചിത്രം െപെട്ടന്നുതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
യൂനിവേഴ്സിറ്റിയിൽ പ്രവേശനം ലഭിക്കുക എന്നത് തെൻറ ജീവിതാഭിലാഷമായിരുന്നുവെന്ന് കർഷകകൂടിയായ ജഹന്തബ് അഹ്മദി പറഞ്ഞു. ‘‘എനിക്ക് വീടിനു വെളിയിൽ ജോലിക്കു പോകണം. സമൂഹത്തിനും സ്ത്രീകൾക്കും സേവനങ്ങൾ ചെയ്യുന്ന ഡോക്ടറാകണം’’ -ജഹന്തബ് പറയുന്നു. മൂന്നു മക്കളുടെ അമ്മയായ ജഹന്തബിന് തുടർവിദ്യാഭ്യാസത്തിനായി നിരവധി പേർ ധനസഹായം വാഗ്ദാനവും ചെയ്തിട്ടുണ്ട്. 14,000 ഡോളറിലേറെ വരുന്ന പഠനച്ചെലവിനായി ഒാൺലൈനിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ 39 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്.
വാർത്തയറിഞ്ഞ് അഫ്ഗാനിലെ വനിത വിമോചക പ്രവർത്തകരും ബന്ധപ്പെട്ടിട്ടുണ്ട്. പഠിക്കാനും ജോലി കണ്ടെത്താനുമുള്ള സഹായങ്ങളും അവർ വാഗ്ദാനം ചെയ്തു. സാക്ഷരതാനിരക്കിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് അഫ്ഗാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.