അലപ്പോയില്‍ ഒഴിപ്പിക്കല്‍ നിലച്ചു
text_fieldsഡമസ്കസ്: കിഴക്കന്‍ അലപ്പോയില്‍നിന്ന് വിമതരെയും സിവിലിയന്മാരെയും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി സിറിയന്‍ അധികൃതര്‍. ധാരണ ലംഘിച്ച് തടവില്‍ കഴിയുന്നവരെ അനധികൃതമായി രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതെന്ന് സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ചിലയിടങ്ങളില്‍ സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് വിമതര്‍ തടസ്സം നില്‍ക്കുന്നുവെന്നും ആരോപണമുണ്ട്. റോഡുകള്‍ ഉപരോധിച്ചാണ് വിമതര്‍ തടസ്സം നില്‍ക്കുന്നത്. സിവിലിയന്മാരെ വഹിച്ചുകൊണ്ടുള്ള ബസുകള്‍ പുറപ്പെട്ടയുടന്‍ നാലു തവണ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും പറഞ്ഞു. 3000 വിമതരുള്‍പ്പെടെ 6000 പേരെ ഒഴിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ 9000ത്തോളം ആളുകളെ ഒഴിപ്പിച്ചതായി സിറിയന്‍ ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു.
മൂന്നുദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയായേക്കുമെന്നും പ്രതിരോധമന്ത്രാലയ വക്താവ് സൂചിപ്പിച്ചു. എന്നാല്‍, നടപടികള്‍ വളരെ മന്ദഗതിയിലായതിനാല്‍ കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ ആളുകള്‍ക്ക് പുതപ്പു പോലുമില്ലാതെ അസ്ഥികള്‍ തുളക്കുന്ന തണുപ്പില്‍ തെരുവില്‍ കഴിയേണ്ടിവന്നു. നഗരത്തില്‍ മൈനസ് ഡിഗ്രിയിലേക്ക് കടന്നിരിക്കുകയാണ് തണുപ്പ്. അരലക്ഷത്തോളം ആളുകള്‍ അലപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്.
അടുത്ത ലക്ഷ്യം സമ്പൂര്‍ണ വെടിനിര്‍ത്തല്‍ –പുടിന്‍
സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിക്കാറായെന്ന സൂചനയുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. അലപ്പോക്കുശേഷം രാജ്യവ്യാപക വെടിനിര്‍ത്തല്‍ കരാറിനാണ് അടുത്ത ലക്ഷ്യമെന്ന് പുടിന്‍ വ്യക്തമാക്കി. ജാപ്പനീസ് സന്ദര്‍ശനത്തിനിടെയായിരുന്നു പുടിന്‍െറ പ്രഖ്യാപനം. തുര്‍ക്കിയുടെ മാധ്യസ്ഥ്യത്തില്‍ വിമതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.
ഫ്രാന്‍സിന്‍െറ അഭ്യര്‍ഥനയനുസരിച്ച് സിറിയന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി യോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രസ്താവന. സിറിയയിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര നിരീക്ഷകരെ അയക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നു. കിഴക്കന്‍ അലപ്പോയിലെ സിവിലിയന്മാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് യൂറോപ്യന്‍ യൂനിയനും റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.