അലപ്പോ: നിരീക്ഷകരെ നിയോഗിക്കാന്‍ യു.എന്‍ രക്ഷാസമിതിയില്‍ ധാരണ
text_fieldsന്യൂയോര്‍ക്/ഡമസ്കസ്: സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍ പ്രത്യേക നിരീക്ഷണസംഘത്തെ നിയോഗിക്കാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ധാരണ. യു.എന്നിന്‍െറ നിരീക്ഷണ സമിതിയെ അടിയന്തരമായി നിയോഗിക്കണമെന്ന ഫ്രാന്‍സിന്‍െറ പ്രമേയം, സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ ഒന്നടങ്കം പിന്തുണക്കുകയായിരുന്നു. ഈ സംഘത്തിനുവേണ്ട എല്ലാ സഹായങ്ങളും തടസ്സംകൂടാതെ നല്‍കണമെന്നും അംഗങ്ങള്‍ സംയുക്തമായി
ആവശ്യപ്പെട്ടു. അതേസമയം, സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പോയിലെ അവസാന പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. തിങ്കളാഴ്ച 3000പേരടങ്ങുന്ന സംഘത്തെ സുരക്ഷിതമായി ഒഴിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
20 ബസുകളിലായാണ് ഇവരെ മോചിപ്പിച്ചത്. പ്രദേശത്ത് രക്ഷപ്പെടാന്‍ വഴിതേടി നിരവധി കുടുംബങ്ങള്‍ ബാക്കിയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ പലരും കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലാണ്. കടുത്ത തണുപ്പില്‍ വഴിയരികിലാണ് പലകുടുംബങ്ങളും കഴിയുന്നത്.
തിങ്കളാഴ്ച ഒഴിപ്പിച്ച വാഹനങ്ങളില്‍ നിരവധി അനാഥക്കുട്ടികളുമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കളും ബന്ധുക്കളും കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്ത് ഒറ്റപ്പെട്ടുപോയവരാണിവര്‍. കിഴക്കന്‍ അലപ്പോയിലെ അനാഥാലയത്തില്‍ കഴിയുന്ന 50 കുട്ടികളും ഇതില്‍ പെടുന്നു.
രണ്ട് ദിവസങ്ങളിലായി 4500 പേരെ ഒഴിപ്പിച്ചതായാണ് തുര്‍ക്കി അറിയിച്ചത്. അതിര്‍ത്തിയില്‍ ഒഴിപ്പിക്കുന്നവര്‍ക്കായി ക്യാമ്പ് തുറക്കാനും തുര്‍ക്കി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവരെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കാണ് ഇപ്പോള്‍ മാറ്റുന്നത്.
അതിനിടെ, വിമത നിയന്ത്രണത്തിലുള്ള ഇദ്ലിബില്‍നിന്ന് 500 പേരെ ഒഴിപ്പിച്ചതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള കരാറിന്‍െറ ഭാഗമായാണ് മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.