ട്രംപ്-കിം ചർച്ച: സിംഗപൂരിൽ എല്ലാം പതിവുപോലെ
text_fieldsസിംഗപ്പൂർ സിറ്റി: ലോകം ഉറ്റുനോക്കുന്ന ചർച്ചയാണ് നഗരത്തിൽ. കൊലകൊമ്പൻ ട്രംപും വില്ലാളി വീരൻ കിമ്മും തമ്മിൽ. സുരക്ഷാ പഴുത് ലംഘിച്ച് ഒരീച്ചപോലും കടക്കാൻ പാടില്ലെന്ന് നമ്മൾ കരുതും. എന്നാൽ, ഇവിടെ കാര്യങ്ങൾ അങ്ങനെയല്ല. എല്ലാം പതിവുപോലെ. ട്രംപിനും കിമ്മിനും അവരുടെ വഴി. നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും അവരുടേതും. ഇതിനൊരു കാരണമുണ്ട്. സിംഗപ്പൂരിെൻറ രാഷ്ട്രശിൽപിയും ദീർഘകാലം പ്രധാനമന്ത്രിയും ആയിരുന്ന ലീ ക്വൻ യൂ മരണമടഞ്ഞപ്പോൾ ഒരു ദിവസംപോലും ഇവിടെ അവധിയുണ്ടായിരുന്നില്ല.
മിക്ക ലോകനേതാക്കളും സംസ്കാര ചടങ്ങിനായി സിംഗപ്പൂരിൽ വന്നിട്ടും കാര്യമായ ഗതാഗത നിയന്ത്രണമില്ലാതെ തന്നെ സംസ്കാരചടങ്ങുകൾ നടന്നത് അന്നുതന്നെ ലോകശ്രദ്ധ ആകർഷിച്ചിരുന്നു. തെൻറ ചരമദിനത്തിലും എല്ലാവരും ജോലിചെയ്യണമെന്ന് ലീ ക്വൻ യൂവിന് നിർബന്ധമുണ്ടായിരുന്നു. അതേ രീതിയാണ് ഇപ്പോൾ ട്രംപും കിമ്മും നഗരത്തിലുണ്ടായിട്ടും അധികാരികൾ പിന്തുടരുന്നത്.
ഇരുലോകനേതാക്കളും താമസിക്കുന്ന ഹോട്ടൽ പരിസരത്ത് വിനോദസഞ്ചാരികൾക്കും സമയം ചെലവഴിക്കാം. എവിടെയും നിരോധനാജ്ഞയില്ല. വളരെ കുറച്ച് പൊലീസുകാരെ മാത്രമാണ് കാണാൻ കഴിയുന്നത്. രാഷ്ട്രനേതാക്കളുടെ ചർച്ച പൊതുജീവിതം സ്തംഭിപ്പിക്കാതെ നടക്കണം എന്ന് സർക്കാറിന് നിർബന്ധമുണ്ടായിരുന്നു. ഇതുവരെ നഗരത്തിൽ കുറച്ചുനേരത്തേക്ക് മാത്രമാണ് ഗതാഗത നിയന്ത്രണം ഉണ്ടായത്. ആരും തന്നെ റോഡുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടായില്ല. ട്രംപും കിമ്മും താമസിച്ച സെേൻറാസ ദ്വീപിൽപോലും സന്ദർശകർക്ക് വിലക്കുണ്ടായില്ലെന്നത് എടുത്തുപറയേണ്ടതാണ്. വിനോദസഞ്ചാരികൾ സാധാരണപോലെ വന്നു പോയിക്കൊണ്ടിരുന്നു. രാജ്യാന്തര പ്രാധാന്യമുള്ള പല സമ്മേളനങ്ങൾക്കും സിംഗപ്പൂർ വേദിയായിട്ടുണ്ട്. കാര്യക്ഷമമായും പ്രശംസനീയമായുമാണ് ഇവയെല്ലാം നടന്നിട്ടുള്ളത്. ഇതുകൂടി കണക്കിലെടുത്താകണം ട്രംപ്-കിം കൂടിക്കാഴ്ചക്കും സിംഗപ്പൂരിനെ തെരഞ്ഞെടുത്തത്.
ചർച്ച തീരുമാനിച്ചശേഷം പിന്മാറിയ ട്രംപ് അധികം വൈകാതെയാണ് വീണ്ടും ഉച്ചകോടി നടക്കുമെന്ന് പറഞ്ഞത്. അതിനനുസരിച്ച ഒരുക്കങ്ങൾ ഇവിടെ തുടങ്ങിയെങ്കിലും മാധ്യമങ്ങളും അധികൃതരുമെല്ലാം അവസാന നിമിഷം വരെ സംശയത്തിലായിരുന്നു. ഒരു നിലക്കും മുൻകൂട്ടി പ്രവചിക്കാനും പ്രതീക്ഷിക്കുവാനും പറ്റാത്ത സ്വഭാവ സവിശേഷതകൾ ഉള്ള ആളാണ് ട്രംപ് എന്നതിനാൽ ചർച്ച നടന്നാൽ നടന്നു എന്ന മട്ടിലായിരുന്നു പൊതുവെ ആളുകൾ.
ചരിത്രസാക്ഷിയായി 80 വർഷം പഴക്കമുള്ള മേശയും
സിംഗപ്പൂർ: കിം -ട്രംപ് ഉച്ചകോടിക്ക് ചരിത്ര സാക്ഷിയായ മേശക്കും ഒരു ചരിത്രമുണ്ട്. 80 വർഷം പഴക്കമുള്ള തേക്കുകൊണ്ട് നിർമിതമായ മേശക്കു ചുറ്റുമിരുന്നാണ് ഇരുനേതാക്കളും അവരുടെ നയതന്ത്ര പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. 4.3 മീറ്റർ നീളമുള്ള മേശയിൽ വെച്ചാണ് ട്രംപും കിമ്മും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. മുമ്പ് സിംഗപ്പൂർ ചീഫ് ജസ്റ്റിസുമാർ ഉപയോഗിച്ചിരുന്ന മേശ 1939ലാണ് നിർമിച്ചത്.
1963ൽ സിംഗപ്പൂരിലെ ആദ്യത്തെ ഏഷ്യൻ ചീഫ് ജസ്റ്റിസായ വീ ചോങ് ജിന്നിെൻറ നിയമനം ഉൾെപ്പടെ സിംഗപ്പൂരിെൻറ ചരിത്രത്തിലെ നിരവധി അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷിയാണീ മേശ. സിംഗപ്പൂർ നാഷനൽ ഗാലറിയുടെ മൂന്നാം നിലയിൽ ചീഫ് ജസ്റ്റിസിെൻറ മുറിയിലുണ്ടായിരുന്ന മേശ ഉച്ചകോടിക്ക് മുന്നോടിയായി യു.എസ് എംബസിക്ക് വായ്പ അടിസ്ഥാനത്തിൽ നൽകുകയായിരുന്നു. 2005ൽ സുപ്രീംകോടതി പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതു വരെ നീതിന്യായ വ്യവസ്ഥയുടെ ഒാരോ നടപടിക്രമങ്ങളിലും ഭാഗഭാക്കായിരുന്നു ഒറ്റത്തടിയിൽ തീർത്ത മേശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.