അമേരിക്ക മുഴുവൻ ആക്രമിക്കാൻ ശേഷിയുണ്ടെന്ന് ഉത്തര കൊറിയ
text_fieldsസോൾ: ആഴ്ചകൾക്കിടെ രണ്ടാമതും ഭൂഖണ്ഡാനന്തര മിസൈൽ പരീക്ഷണം നടത്തി ലോകത്തെ ഞെട്ടിച്ച ഉത്തര കൊറിയ, അമേരിക്കയിലെ ഏത് പ്രദേശവും ആക്രമിക്കാൻ തങ്ങൾക്ക് കഴിയുമെന്ന വെല്ലുവിളിയുമായി രംഗത്ത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നാണ് മിസൈൽ പരീക്ഷണം വിജയകരമാണെന്നും അമേരിക്ക തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും വ്യക്തമാക്കിയത്. അതേസമയം, പരീക്ഷണം വീണ്ടുവിചാരമില്ലാത്തതും ഗുരുതരമായ നടപടിയുമാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പ്രതികരിച്ചു.
സംഭവത്തിൽ അപലപിച്ച ചൈന, പ്രകോപനമുണ്ടാക്കുന്ന നടപടികളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ജൂലൈ മൂന്നിനാണ് ആദ്യമായി ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചത്. ഇതിനെതിരായുണ്ടായ കനത്ത വിമർശനങ്ങളെ മുഖവിലക്കെടുക്കാതെയാണ് കഴിഞ്ഞ ദിവസം വീണ്ടും പരീക്ഷണം നടത്തിയിരിക്കുന്നത്. ആദ്യ പരീക്ഷണത്തേക്കാൾ വിജയകരമായിരുന്നു പുതിയ പരീക്ഷണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 10,400 കി.മീറ്റർ പരിധിയിലെത്തിച്ചേരാൻ മിസൈലിന് കഴിയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതനുസരിച്ച് ഉത്തര കൊറിയയിലെ വടക്കുകിഴക്കൻ പട്ടണമായ റാസണിൽനിന്ന് തൊടുത്തുവിടുന്ന മിസൈലിന് പ്രമുഖ യു.എസ് നഗരമായ ന്യൂയോർക്കിലേക്കും എത്തിച്ചേരാനാകും. വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി 11 മണിക്കുശേഷമാണ് പരീക്ഷണം നടന്നത്. ജപ്പാൻ കടലിലാണ് മിസൈൽ പതിച്ചത്. ഇതിന് മറുപടിയെന്നോണം യു.എസ്-ദക്ഷിണ കൊറിയ സംയുക്തമായി സേനാഭ്യാസം ആരംഭിച്ചിട്ടുമുണ്ട്.
അതിനിടെ, തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന ഉത്തര കൊറിയയുടെ നടപടിയിൽ റഷ്യക്കും ചൈനക്കും പ്രത്യേകം ജത്തരവാദിത്തമുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പ്രതികരിച്ചു. ഇരു രാജ്യങ്ങളും ഉത്തര കൊറിയയുമായി തുടരുന്ന സാമ്പത്തികബന്ധങ്ങൾ അവസാനിപ്പിക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.