നയതന്ത്രയുദ്ധം മുറുകുന്നു: ചെങ്ദു കോൺസുലേറ്റ് അടക്കണമെന്ന് അമേരിക്കയോട് ചൈന
text_fieldsബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കവും സംഘർഷവും നയതന്ത്ര തലത്തിലേക്കും പടർന്നതിന് പിന്നാലെ, ചെങ്ദുവിലെ കോൺസുലേറ്റ് അടച്ചുപൂട്ടണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിനോടുള്ള മറുപടിയെന്ന നിലക്കാണ് ചൈനയുടെ പ്രതികരണം.
ചൈനയുടെ തെക്കുപടിഞ്ഞാറുള്ള സുച്വാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ചെങ്ദു. നയതന്ത്രതലത്തിൽ യു.എസിന് ഏറെ പ്രാധാന്യമുള്ള ഓഫിസ് ആണിത്. തിബത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ കോൺസുലേറ്റിന് കീഴിലാണ്. ചെങ്ദുവിലെ യു.എസ് കോൺസുലേറ്റ് ജനറലിെൻറ എല്ലാ പ്രവർത്തനങ്ങളും പരിപാടികളും നിർത്തിവെക്കണമെന്നും നിർദേശമുണ്ട്. ജൂലൈ 21ന് യു.എസ് തീർത്തും ഏകപക്ഷീയ തീരുമാനമെടുക്കുകയും തങ്ങളുടെ ഹൂസ്റ്റൺ കോൺസുലേറ്റ് അടക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് യു.എസ് നടത്തിയത്. കോൺസുലാർ കൺവെൻഷൻ തീരുമാനങ്ങളും അവഗണിച്ചു. ഇത് ചൈന-യു.എസ് ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും. ന്യായീകരിക്കാനാകാത്തതാണ് യു.എസ് തീരുമാനം. ഇതിനെതിരായ യുക്തമായ നടപടിയാണ് തങ്ങൾ സ്വീകരിച്ചത്. ഇപ്പോഴെത്ത സംഭവ വികാസങ്ങൾ ചൈനയുടെ ആഗ്രഹപ്രകാരമുണ്ടായതല്ല. എല്ലാത്തിനും ഉത്തരവാദി അമേരിക്കയാണ്. ഈ തെറ്റായ തീരുമാനം തിരുത്തണമെന്നും ഉഭയകക്ഷി ബന്ധം പഴയപടിയാക്കാൻ നടപടിയുണ്ടാകണമെന്നും ഞങ്ങൾ യു.എസിനോട് ആവശ്യപ്പെടുകയാണെന്നും ചൈന കൂട്ടിച്ചേർത്തു.
1985ൽ യു.എസ് മുൻ പ്രസിഡൻറ് ജോർജ് ബുഷ് ആണ് ചെങ്ദുവിലെ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. ഇവിടെ 200ലധികം ജീവനക്കാരുണ്ട്.കൂടുതൽ ചൈനീസ് കോൺസുലേറ്റുകൾ അടക്കാൻ ഉത്തരവിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.