യു.എസ് യുദ്ധക്കപ്പൽ എണ്ണക്കപ്പലിലിടിച്ച് 10 നാവികരെ കാണാതായി
text_fieldsവാഷിങ്ടൺ: യു.എസ് നാവിക സേനയുടെ യുദ്ധക്കപ്പലും ലൈബീരിയൻ പതാകയുള്ള എണ്ണക്കപ്പലും കൂട്ടിയിടിച്ച് 10 യു.എസ് നാവിക സൈനികരെ കാണാതായി. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാലുപേരെ സിംഗപ്പൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഒരാൾക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല. സിംഗപ്പൂരിനടുത്ത് മലാക്ക കടലിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. സിംഗപ്പൂർ തുറമുഖത്ത് നങ്കൂരമിടാനായി വന്ന യു.എസ്.എസ് ജോൺ എസ്. മക്കെയ്നും ആൽനിക് എം.സി കപ്പലുമാണ് അപകടത്തിൽപെട്ടത്.
കാണാതായവർക്കായി മലേഷ്യ, അമേരിക്ക, സിംഗപ്പൂർ രാജ്യങ്ങളുടെ കപ്പലുകൾ, ഹെലികോപ്റ്ററുകൾ, ടഗ് ബോട്ടുകൾ എന്നിവ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. രണ്ടു മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് അമേരിക്കൻ കപ്പൽ പസഫിക് മേഖലയിൽ അപകടത്തിൽപെടുന്നത്. ജപ്പാൻ കടലിൽ ജൂണിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച് യു.എസ്.എസ് ഫിറ്റ്സ്ജെറാൾഡിലെ ഏഴു നാവികർ മരിച്ചിരുന്നു.
ഇന്നലെയുണ്ടായ അപകടത്തിൽ ഇരു കപ്പലുകൾക്കും കാര്യമായ കേടുപാടുകൾ പറ്റി. അമേരിക്കൻ കപ്പലിലുണ്ടായ വിള്ളൽ വഴി യന്ത്രങ്ങൾ, ജീവനക്കാർ വിശ്രമിക്കുന്ന സ്ഥലം, വാർത്തവിനിമയ മുറി എന്നിവയിൽ വെള്ളം കയറി. എണ്ണക്കപ്പലിെൻറ മുൻഭാഗത്തെ ടാങ്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അമേരിക്കൻ കപ്പൽ സിംഗപ്പൂരിലെ ഛംഗി നാവികസേന താവളത്തിലേക്കും ചരക്കുകപ്പൽ റാഫ്ൾസ് റിസർവ്ഡ് ആൻകറേജിലേക്കും മാറ്റി. കാണാതായ 10 നാവികരെ കണ്ടെത്താൻ പരിസരത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുകളുടെ സഹായം തേടിയിട്ടുണ്ട്.
അടുത്തിടെ ആണവ ബോംബുകൾ പരീക്ഷിച്ച് ഉത്തരകൊറിയയും ദക്ഷിണ ചൈന കടലിൽ കൂടുതൽ കരുത്തുമായി ചൈനയും വെല്ലുവിളിയുയർത്തുന്നതിനിടെയുണ്ടായ തുടർ അപകടങ്ങൾ അമേരിക്കയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ സൈനിക വിഭാഗമായ ഏഴാം കപ്പൽപടയിലെ യുദ്ധക്കപ്പലുകളാണ് രണ്ടു തവണയും അപകടത്തിൽപെട്ട കപ്പൽ. അപകട സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കാൻ ഏറ്റവും മികച്ച സംവിധാനങ്ങളുണ്ടായിട്ടും അപകടത്തിൽ പെടുന്നത് ആവർത്തിക്കുന്നതിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്.
2003ൽ ഇറാഖ് അധിനിവേശത്തിനായി ഉപയോഗിച്ച യു.എസ്.എസ് ജോൺ എസ്. മക്കെയ്നും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. അൽനിക് എം.സി കപ്പലിലെ ഒരാൾക്കുപോലും പരിക്കില്ല. സിംഗപ്പൂരിനു ചുറ്റുമുള്ള കടൽമേഖല ലോകത്തെ ഏറ്റവും തിരക്കുപിടിച്ച നാവികപാതകളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.