റോഹിങ്ക്യൻ പ്രശ്നത്തിൽ സൂചി സ്വീകരിക്കുന്നത് ഒട്ടകപ്പക്ഷി നയമെന്ന് ആംനസ്റ്റി
text_fieldsലണ്ടൻ: റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമർ നേതാവ് ഒാങ് സാൻ സൂചിയേയും സർക്കാരിനേയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ആംനസ്റ്റി ഇന്‍റർനാഷണൽ. വിഷയത്തിൽ മണലിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷി നയമാണ് സൂചി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആംനസ്റ്റിയുടെ കുറ്റപ്പെടുത്തൽ.
പ്രശ്നത്തിൽ അന്താരാഷ്ട്ര വിചാരണയെ ഭയക്കുന്നില്ലെന്നായിരുന്നു സൂചി പറഞ്ഞത്. മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശിലേക്ക് കുടിയേറിയവരുടെ കാര്യത്തിൽ എപ്പോൾ വേണമെങ്കിലും നിലപാട് പരിശോധിക്കാൻ തയാറാണെന്ന് ഒാങ് സാൻ സൂചി പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ആംനസ്റ്റിയുടെ വിമർശനത്തിന് വിധേയമായത്.
റോഹിങ്ക്യകളുടെ വംശീയ ഉൻമൂലനത്തെപ്പറ്റിയും റഖൈൻ സ്റ്റേറ്റിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ചും അവാസ്തവവും ഇരകളെ കുറ്റപ്പെടുത്തുന്ന നിലപാടുമാണ് ഇന്നത്തെ പ്രസംഗത്തിൽ സൂചി സ്വീകരിച്ചതെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. സൈന്യം വംശീയ ഉന്മൂലനം നടത്തുന്നതിനെക്കുറിച്ച് തെളിവുകളുണ്ട്. റഖൈൻ സ്റ്റേറ്റിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ സൂചി അപലപിച്ചതിൽ സന്തോഷമുണ്ടെങ്കിലും സൈന്യത്തിന്‍റെ നടപടികളെക്കുറിച്ച് അവർ മൗനം പാലിക്കുന്നുവെന്നും ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ റീജിയണൽ ഡയറക്ടർ ജെയിംസ് ഗോമസ് പറഞ്ഞു.
ഒന്നും ഒളിക്കാനില്ലെന്ന സൂചിയുടെ പ്രസ്താവന തെറ്റാണ്. ഈ വർഷം ആദ്യം രൂപീകരിച്ച വസ്തുതാ അന്വേഷണ സംഘത്തോട് സഹകരിക്കാൻ മ്യാൻമർ തയ്യാറായിട്ടില്ല. ഒന്നും ഒളിക്കാനില്ലെങ്കിൽ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷക സംഘത്തെ റഖൈൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് കടത്തിവിടാൻ മ്യാൻമർ തയാറാകണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. അതോടൊപ്പം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മനുഷ്യാവകാശ പ്രവർത്തകരെ അനുവദിക്കുകയും വേണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.