അൻവർ ഇബ്രാഹീം മോചിതനായി: ‘മലേഷ്യയിൽ ഇനി പുതിയ പ്രഭാതം’
text_fieldsക്വാലാലംപുർ: മലേഷ്യയിൽ പുതുചരിത്രം കുറിച്ച രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹീം ജയിൽ മോചിതനായി. രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ മാപ്പുനൽകിയതോടെയാണ് മൂന്നു വർഷത്തെ കരാഗൃഹ വാസത്തിനുശേഷം 70കാരൻ പുറത്തിറങ്ങിയത്.
‘മലേഷ്യയിൽ ഇനി പുതിയ പ്രഭാതം’ എന്ന വാക്കുകളോടെയാണ് ജയിൽ മോചിതനായ ശേഷം ഭാര്യ വാൻ അസീസയുമൊത്ത് വാർത്ത സമ്മേളനം നടത്തിയ അൻവർ ഇബ്രാഹീം സംസാരിച്ചുതുടങ്ങിയത്. ‘‘മലേഷ്യയിലെ ജനങ്ങളോടാണ് എനിക്ക് നന്ദി പറയാനുള്ളത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മതത്തിനും വംശത്തിനും അതീതമായി, ജനാധിപത്യത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും മൂല്യങ്ങൾക്കൊപ്പംനിന്നു. അവർ മാറ്റം ആവശ്യപ്പെട്ടു’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ ഇബ്രാഹീമിന് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാൻ ജയിൽമോചനം വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. രാജാവ് മാപ്പുനൽകി പുറത്തിറങ്ങിയാൽ അൻവറിനെ പ്രധാനമന്ത്രിയാക്കുമെന്ന് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയായ മഹാതീർ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
ആറു പതിറ്റാണ്ട് രാജ്യംഭരിച്ച ബാരിസൻ നാഷനലിലെ പ്രധാന പാർട്ടിയായ യുനൈറ്റഡ് മലായ് നാഷനൽ ഒാർഗനൈസേഷനിൽ തനിക്ക് പിറകിൽ രണ്ടാമനായിരുന്ന അൻവർ ഇബ്രാഹീമിനെ 1998ലാണ് മഹാതീർ പുറത്താക്കിയത്. തെൻറ പിൻഗാമിയെന്നു കരുതിയിരുന്ന അൻവർ ഇബ്രാഹീമുമായി തെറ്റിപ്പിരിഞ്ഞ മഹാതീർ അദ്ദേഹത്തെ അധികാര ദുർവിനിയോഗവും പ്രകൃതിവിരുദ്ധ പീഡനവും ആരോപിച്ചു ജയിലിലടച്ചു. രണ്ടു ദശകത്തിലേറെയായി ഇരുനേതാക്കളും കടുത്ത ശത്രുതയിൽ തുടർന്നു.
ഇതിനിടെ 15 വർഷം മുമ്പ് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മഹാതീർ തെൻറ മുൻ അനുയായിയായ നജീബ് അബ്ദുറസാഖിെൻറ ഭരണത്തിനെതിരെ ജനവികാരം ശക്തമായപ്പോൾ 2016ൽ തെൻറ പാർട്ടിയായ യുനൈറ്റഡ് നാഷനൽ ഒാർഗനൈസേഷൻ വിട്ട് ബർസാതു എന്ന പാർട്ടിയുണ്ടാക്കി പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേരുകയായിരുന്നു.
അഞ്ചുവർഷം മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയിട്ടും ജയിലിലടക്കപ്പെട്ട അൻവർ ഇബ്രാഹീമിെൻറ പാർട്ടി കെ ആദിലാനാണ് 47 സീറ്റ് നേടി പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയായത്. മഹാതീറിെൻറ ബർസാതുവിന് 13 സീറ്റ് മാത്രമാണ് നേടാനായത്. 222 അംഗ പാർലമെൻറിൽ പ്രതിപക്ഷത്തിന് 113 സീറ്റും ഭരണകക്ഷിക്ക് 79 സീറ്റുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.