ഹോങ്കോങ് പ്രക്ഷോഭം; ചൈനയുടെ സമ്മർദത്താൽ മൊബൈൽ ആപ്പ് പിൻവലിച്ച് ആപ്പിൾ
text_fieldsഹോങ്കോങ്: പൊലീസിന്‍റെ സാന്നിധ്യം അറിയാൻ ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ആപ്പിൾ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനായ എച്ച്.കെ മാപ് ആപ്പിൾ സ്റ്റോറിൽ നിന്ന് പിൻവലിച്ചു. പ്രക്ഷോഭകാരികളെ ആപ്പിൾ സഹായിക്കുന്നതായി ആരോപിച്ച് ചൈന രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി.
പൊതുജനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് എച്ച്.കെ മാപ് പ്രവർത്തിക്കുന്നത്. ഈ ആപ്പ് വഴി ഏതൊക്കെ ഇടങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ടെന്നും പ്രക്ഷോഭകാരികൾ ഒത്തുചേരുന്നുണ്ടെന്നും തെരുവുകൾ അടച്ചിട്ടുണ്ടെന്നും അറിയാൻ സാധിക്കുമായിരുന്നു.
ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകാരികൾ ആപ്പ് വ്യാപകമായി ഉപയോഗിച്ചതോടെയാണ് ചൈന രൂക്ഷമായ വിമർശനമുയർത്തിയത്. ആപ്പിൾ പ്രക്ഷോഭത്തിന് കൂട്ടുനിൽക്കുന്നതായി ചൈനീസ് ഭരണകൂടത്തിന്‍റെ മുഖപത്രമായ ചൈന ഡെയ് ലിയിൽ ലേഖനം വന്നിരുന്നു. ഐഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ തെറ്റായ നിലപാടിന്‍റെ പ്രത്യാഘാതത്തെ കുറിച്ച് ആലോചിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകി.
ഇതോടെയാണ് ആപ്പിൾ സ്റ്റോറിൽ നിന്നും എച്ച്.കെ മാപ് പിൻവലിക്കാൻ കമ്പനി തയാറായത്. അതേസമയം, തങ്ങളുടെ ആപ്പ് ഉപയോഗിച്ച് പൊലീസിനെ ലക്ഷ്യമിട്ടതിനോ പൊതുസുരക്ഷക്ക് ഭീഷണിയായതിനോ യാതൊരു തെളിവുമില്ലെന്ന് ആപ്പിൾ പറയുന്നു. പൊതുജനങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൂട്ടിച്ചേർത്ത് പ്രവർത്തിക്കുന്ന മറ്റ് ആപ്പുകൾ ഇപ്പോഴും ലഭ്യമാണെന്നും ആപ്പിൾ പറയുന്നു.
ആപ്പിൾ ചൈനയോട് വിധേയത്വം കാട്ടുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് എച്ച്.കെ മാപ് പിൻവലിക്കലെന്ന് വിമർശകർ ആരോപിക്കുന്നു. ആപ്പിളിന്‍റെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് ചൈന. രണ്ട് വർഷം മുമ്പ് തങ്ങളുടെ വി.പി.എൻ ആപ്പുകൾ ചൈനയിൽ നിന്ന് ആപ്പിൾ പിൻവലിച്ചിരുന്നു. തായ് വാൻ പതാകയുടെ ഇമോജിയും ആപ്പിൾ അടുത്തിടെ പിൻവലിച്ചു.
അതിനിടെ, ഹോങ്കോങ്ങിൽ ജനാധിപത്യ പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുകയാണ്. കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനക്ക് കൈമാറാനുള്ള ബില്ലിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് ജനാധിപത്യ പ്രക്ഷോഭമായി പരിണമിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് കുറ്റവാളികളെ കൈമാറാനുള്ള ബിൽ മരവിപ്പിച്ചെങ്കിലും ഹോങ്കോങ്ങിലെ ഭരണാധികാരി കാരീ ലാമിന്‍റെ സർക്കാർ രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഹോങ്കോങ്ങിന് സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭത്തിൽ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.