അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പദ്ധതിയെ വിമർശിച്ച് അറബ് ലീഗ്
text_fieldsകെയ്റോ: അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പദ്ധതിയെ നിശിതമായി വിമർശിച്ച് അറബ് ലീഗ്. കെയ്റോയിൽ അറബ് വിദേശകാര്യ മന്ത്രിമാരുടെ വിഡിയോ കോൺഫറൻസിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ലീഗിന്‍റെ വിമർശനം.
ജോർദാൻ താഴ്വര അടക്കം 1967ൽ അധിനിവേശപ്പെടുത്തിയ ഫലസ്തീൻ പ്രദേശം കൈവശംവെക്കാനുള്ള പദ്ധതിയാണ് ഇസ്രായേൽ നടപ്പാക്കുന്നത്. പുതിയ യുദ്ധകുറ്റം ഫലസ്തീൻ ജനതക്ക് മേൽ ചുമത്താനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്നും അറബ് ലീഗ് ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ സർക്കാറിന്‍റെ പദ്ധതിയെ പിന്തുണക്കുന്ന നടപടിയിൽ നിന്ന് അമേരിക്ക പിന്മാറണം. യു.എൻ ചാർട്ടറിനെയും രാജ്യാന്തര നിയമങ്ങളെയും അമേരിക്ക ബഹുമാനിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍റെ പദ്ധതി രണ്ട് രാജ്യങ്ങൾ എന്ന പ്രശ്നപരിഹാരത്തിന് അന്ത്യം കുറിക്കുമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ യുദ്ധത്തിൽ നിന്ന് മത യുദ്ധത്തിലേക്കുള്ള ഇസ്രായേൽ നീക്കം മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും സമാധാനത്തിനും വഴിവെക്കില്ലെന്നും മാലിക്കി യോഗത്തെ അറിയിച്ചു.
ജനുവരിയിൽ ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ട്രംപിന്‍റെ പദ്ധതി ഫലസ്തീൻ തള്ളികളയുകയും രാജ്യാന്തര സമൂഹം അപലപിക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ കൂടുതൽ ജൂത പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നതിനും തന്ത്രപ്രധാന മേഖലകളിലെ അധിനിവേശത്തിനും പച്ചകൊടി കാണിക്കുന്നതായിരുന്നു ട്രംപിന്‍റെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.