ആസിയ ബീബി മോചിതയായി; രാജ്യം വിട്ടിട്ടില്ലെന്ന് സർക്കാർ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദക്കുറ്റം ചുമത്തപ്പെട്ട് എട്ടുവർഷമായി ജയി ലിൽ കഴിയുന്ന ക്രിസ്ത്യൻ യുവതി ആസിയ ബീബിയെ മോചിപ്പിച്ചു. കേസിൽ തെളിവില്ലെന്നുകണ്ടെത്തി കഴിഞ്ഞാഴ്ച സുപ്രീംകോടതി ഇവരെ കുറ്റമുക്തയാക്കിയിരുന്നു. എന്നാൽ ബുധനാഴ്ചയാണ് മോചനത്തിനുള്ള ഉത്തരവ് ആസിയ കഴിയുന്ന മുൾത്താൻ വനിതാ ജയിലിലെത്തിയത്. ഇവിടെനിന്ന് മോചിപ്പിച്ചശേഷം വിമാനത്തിൽ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയതായാണ് വിവരം.
സുരക്ഷ കാരണങ്ങളാൽ താമസിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 56കാരിയും അഞ്ചുമക്കളുടെ മാതാവുമായ ആസിയ രാജ്യം വിട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പ്രസ്താവനയിൽ പറഞ്ഞു. വിവിധ പാക് മാധ്യമങ്ങൾ ഇവർ രാജ്യംവിട്ടതായി വാർത്ത നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആസിയ മോചിതയായതായി അവരുടെ അഭിഭാഷകൻ സൈഫുൽ മുലൂകാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ എവിടെയാണ് താമസിപ്പിച്ചിരിക്കുന്നത് എന്നതുസംബന്ധിച്ച് വിവരമില്ലെന്ന് നെതർലൻഡ്സിൽ കഴിയുന്ന മുലൂക് പറഞ്ഞു. കുറ്റമുക്തയാക്കിയ കോടതിവിധി വന്നതിനെ തുടർന്ന് രാജ്യത്തെ തീവ്രവലതുപക്ഷ കക്ഷികൾ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
വിധി പുനഃപരിശോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രണ്ടുദിവസത്തോളം രാജ്യത്തെ പ്രധാന നഗരങ്ങൾ സ്തംഭിപ്പിച്ച പ്രക്ഷോഭം സർക്കാറുമായുണ്ടാക്കിയ ധാരണയെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പുനഃപരിശോധന ഹരജിയിൽ വിധിവരുന്നതുവരെ ആസിയയെ രാജ്യം വിടാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നൽകിയ ഉറപ്പ്.
രാജ്യംവിട്ടാൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. സുപ്രീംകോടതി വിധിയെ തുടർന്ന് ആസിയയുടെ ഭർത്താവ് ആഷിഖ് മാസിഹ് ബ്രിട്ടൻ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളോട് അഭയം ആവശ്യപ്പെട്ടിരുന്നു. ആസിയയെയും കുടുംബത്തെയും സഹായിക്കാമെന്ന് ഇറ്റലി വാഗ്ദാനം നൽകിയിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.