റോഹിങ്ക്യൻ വംശഹത്യ: സൂചി രാജിവെക്കണമായിരുന്നു–യു.എൻ ഹൈകമ്മീഷണർ
text_fieldsയുനൈറ്റഡ് നേഷൻസ്: രാഖൈൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ സൈന്യത്തിെൻറ കൊടും ക്രൂരതകൾ തടയുന്നതിൽ പരാജയപ്പെട്ട മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി രാജിവെക്കുന്നതായിരുന്നു ഉചിതമെന്ന് സ്ഥാനമൊഴിയുന്ന യു.എൻ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അൽഹുസൈൻ.
കൊടുംകൃത്യത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകാനുള്ള സൂചിയുടെ ശ്രമം അത്യന്തം ഖേദകരമാണ്. അവർക്ക് പദവിയുപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ, അടിച്ചമർത്തലിനെതിരെ നിശ്ശബ്ദയായി നിലകൊണ്ടു.
അതിനെക്കാൾ നല്ലത് രാജിവെക്കുന്നതായിരുന്നു. ബർമീസ് സൈന്യത്തിെൻറ വക്താവായി അവരെ ആവശ്യമില്ല. സൈന്യത്തെ ന്യായീകരിക്കുന്നതിനു പകരം നൊബേൽ സമ്മാന ജേതാവ് വീട്ടുതടങ്കലിലേക്ക് മടങ്ങുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഹിങ്ക്യകൾക്കെതിരായ സൈനിക അടിച്ചമർത്തൽ റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നാണ് സൂചിയുടെ വാദം. ആയിരങ്ങളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതു വഴി റോഹിങ്ക്യൻ വംശഹത്യക്ക് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് യു.എൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റഅദിെൻറ പ്രസ്താവന.
ഇൗ റിപ്പോർട്ട് മ്യാന്മർ തള്ളിയിരുന്നു. റിപ്പോർട്ടിൽ സൂചിക്കെതിരെയും വിമർശനമുയർന്നിരുന്നു. യു.എൻ പോലുള്ള പൊതുവേദികളിൽ അവസരം ലഭിച്ചിട്ടും റോഹിങ്ക്യൻ വംശഹത്യയെക്കുറിച്ച് പരാമർശം നടത്താതെ ഒഴിഞ്ഞുമാറുകയായിരുന്നു സൂചി. റോഹിങ്ക്യൻ കൂട്ടക്കൊലക്കെതിരെ പ്രതികരിക്കാത്ത സൂചിക്കെതിരെ അന്താരാഷ്ട്രതലത്തിൽ വൻ പ്രതിഷേധമുയർന്നിരുന്നു.
അവരുടെ നൊബേൽ സമ്മാനം തിരിച്ചെടുക്കണമെന്നും ആവശ്യമുയർന്നു. സൈനികഭരണകാലത്ത്16 വർഷക്കാലം വീട്ടുതടങ്കലിലായിരുന്നു സൂചി. വീട്ടുതടങ്കലിൽനിന്ന് മോചിതയായി രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മ്യാന്മർ ജനത വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ, അവരെ നിരാശപ്പെടുത്തുകയായിരുന്നു സൂചി.
അതിനിടെ, ജനാധിപത്യത്തിനായുള്ള പോരാട്ടത്തിനാണ് 1991ൽ സൂചിക്ക് സമാധാന നൊബേൽ നൽകിയതെന്നും അതു തിരിച്ചുവാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും നൊബേൽ പുരസ്കാര സമിതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.