റോഹിങ്ക്യകളോടുള്ള സമീപനത്തിൽ സൂചി അയവുവരുത്തുന്നു
text_fieldsനയ്പിഡാവ്: പതിനായിരങ്ങളുടെ കൊലപാതകത്തിനും ലക്ഷക്കണക്കിന് പേരുടെ പലായനത്തിനും ശേഷം, റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ നടപടിയിൽ അയവ് വരുത്താൻ മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി തീരുമാനിച്ചതായി അവരുടെ ഉപദേഷ്ടാവ്. രാഖൈനിൽ റോഹിങ്ക്യകളെ പുനരധിവസിപ്പിക്കുന്നതിന് സഹായം, ഇരകൾക്ക് വിദേശികൾ ഉൾെപ്പടെയുള്ള സിവിലിയന്മാർ നയിക്കുന്ന ഏജൻസികളുടെ സേവനം എന്നിവ നൽകുമെന്ന് സൂചിയുടെ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉപദേഷ്ടാവ് അറിയിച്ചു.
മ്യാന്മറിലെ ബുദ്ധമതഭീകരരുടെയും സൈന്യത്തിെൻറയും പീഡനങ്ങൾ ഭയന്ന് റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്. മാസങ്ങളായി നടക്കുന്ന അതിക്രമത്തെ അപലപിക്കാതെ സമാധാന നൊബേൽ ജേതാവായ സൂചി പാലിച്ച മൗനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതിസന്ധി സൂചിയെ വലിയ വിഷമവൃത്തത്തിൽ അകപ്പെടുത്തിയിട്ടുണ്ടെന്ന് ഉപദേഷ്ടാവ് പറഞ്ഞു. എന്നാൽ, സാഹചര്യങ്ങൾ കൂടുതൽ കലുഷമാക്കാതെയുള്ള നടപടികളാണ് അവർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിഷയം എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ച് അവർക്ക് ഇതുവരെ ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒൗദ്യോഗിക ടെലിവിഷനിലൂടെ സൂചി വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അപ്പോഴും റോഹിങ്ക്യൻ വിഷയത്തിൽ പരിഹാരനടപടികളൊന്നും പ്രഖ്യാപിക്കാൻ അവർ തയാറായിരുന്നില്ല. ഇതിനുപിന്നാലെയാണ് അവരുടെ അറിവോടെ ഉപദേഷ്ടാവിെൻറ പ്രസ്താവന വരുന്നത്.അതേസമയം, സൈനികനടപടി അവസാനിച്ച് മാസങ്ങളായെന്ന് മ്യാന്മർ പറയുേമ്പാഴും രാജ്യത്തുനിന്ന് റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്. ബംഗ്ലാദേശിലെത്തിയ അഭയാർഥികളുടെ എണ്ണം 7,50,000 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.