ആസ്ട്രേലിയൻ കാട്ടുതീ: ഹെലികോപ്ടറിൽ വിതറുന്നത് കിലോക്കണക്കിന് പച്ചക്കറികൾ -VIDEO
text_fieldsസിഡ്നി: കാട്ടുതീ കനത്ത നാശംവിതച്ച ആസ്ട്രേലിയയിലെ ദുരന്തബാധിത മേഖലകളിൽ ഹെലികോപ്ടറിൽ എത്തിച്ച് വിതറുന്നത് വൻ തോതിൽ പച്ചക്കറികൾ. തീപിടിത്തം അതിജീവിച്ച മൃഗങ്ങൾക്ക് മറ്റ് ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് ന്യൂ സൗത്ത് വെയ ിൽസ് അധികൃതരുടെ ഈ നടപടി.
കഴിഞ്ഞ ആഴ്ച 1000 കിലോയിലേറെ മധുരക്കിഴങ്ങും കാരറ്റും ഹെലികോപ്റ്ററിൽ വിവിധ മേഖലകളിൽ വിതറിയതായി പരിസ്ഥിതി മന്ത്രി മാറ്റ് കീൻ അറിയിച്ചു. 'ഓപറേഷൻ റോക് വാലബി' എന്ന പേരിലാണ് നടപടി.
തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട കങ്കാരു വർഗങ്ങൾ ഉൾപ്പടെയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പച്ചക്കറി വിതറുന്നത്. ആസ്ട്രേലിയൻ വൻകരയിൽ മാത്രം കാണപ്പെടുന്ന സസ്തനിവർഗമായ കങ്കാരുക്കൾക്ക് തീപിടിത്തം വൻ നാശമുണ്ടാക്കിയതായാണ് കരുതുന്നത്. 15 ഇനം കങ്കാരുക്കളാണ് ആസ്ട്രേലിയയിൽ ഉള്ളത്. പല ജീവിവർഗങ്ങളുടെയും ആവാസവ്യവസ്ഥ തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്.
തീപിടിത്തം ഏറ്റവും കൂടുതൽ നാശംവിതച്ച ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് മാത്രം 50 കോടിയിലേറെ ജീവികൾക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ആകെ 100 കോടിയിലേറെ ജീവികളെ തീപിടിത്തം ബാധിച്ചതായും കണക്കാക്കുന്നു.
പ്രകൃത്യായുള്ള ഭക്ഷ്യ വിഭവങ്ങളും ജലസ്രോതസ്സുകളും പുന:സ്ഥാപിക്കപ്പെടും വരെ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. എത്ര മൃഗങ്ങൾ ഈ ഭക്ഷണം സ്വീകരിക്കുന്നുണ്ടെന്നും കൂടുതൽ ആവശ്യമുണ്ടോ എന്നും അറിയാനായി കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി മാറ്റ് കീൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.