റോഹിങ്ക്യകൾ: ബംഗ്ലാദേശ് അന്താരാഷ്ട്ര കോടതിയിലേക്ക്
text_fieldsധാക്ക: വംശീയാതിക്രമത്തിനിരയായി മ്യാന്മറിൽനിന്ന് പലായനം ചെയ്ത് എത്തുന്ന റോഹിങ്ക്യൻ അഭയാർഥികളെ ബംഗ്ലാദേശ് രജിസ്റ്റർ ചെയ്യുന്നു. മ്യാന്മറിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ഇതെന്നാണ് സൂചന. ബർമ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.എച്ച്. മഹ്മൂദ് അലി കുറ്റപ്പെടുത്തിയിരുന്നു. തുല്യതയില്ലാത്ത ക്രൂരതകൾമൂലം റോഹിങ്ക്യകൾ നാടുവിട്ട് ബംഗ്ലാദേശിലെത്തുന്നത് അവസാനിക്കാത്ത സാഹചര്യത്തിൽ മ്യാന്മർ ഭരണകൂടത്തിെല പ്രമുഖർക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ബംഗ്ലാേദശ് വ്യക്തമാക്കിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ റോഹിങ്ക്യകൾ അഭയം തേടിയ ബംഗ്ലാദേശിലേക്ക് ഇപ്പോഴും ഒഴുക്ക് തുടരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്. ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ അഭയാർഥികളിൽ ഏറെ പേരും പ്രയാസപ്പെടുന്നതായി യു.എൻ പറയുന്നു. നിലവിലെ ക്യാമ്പുകളിൽ ഉൾക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്. ഇനിയും ആളുകൾ എത്തുന്നത് ഇവരുടെ ജീവിതം അപകടത്തിലാക്കും.
റോഹിങ്ക്യകൾക്കു നേരെ മ്യാൻമർ സേന നടത്തിയ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞുങ്ങളെ പുഴയിലെറിഞ്ഞും പ്രായമായവരുടെ തലയറുത്തും ക്രൂരത കാണിച്ച സൈനികർ വീടുകൾക്കു നേരെ പെട്രോൾ ബോംബുകളെറിഞ്ഞാണ് ചാമ്പലാക്കിയിരുന്നത്.
അതിനിടെ, മ്യാന്മർ ഭരണകൂടം ബുദ്ധെൻറ പാത പിൻപറ്റണമെന്നും രാജ്യത്തെ പീഡിതരായ റോഹിങ്ക്യൻ ന്യൂനപക്ഷങ്ങളുടെ സഹായത്തിന് മുന്നിട്ടിറങ്ങണമെന്നും ബുദ്ധമത വിശ്വാസികളുടെ ആത്മീയാചാര്യൻ ദലൈലാമ ആവശ്യപ്പെട്ടു. മുസ്ലിംകളെ പീഡിപ്പിക്കുന്നവർ ബുദ്ധനെ ഒാർക്കണമെന്നും സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധമത വിശ്വാസികൾക്ക് വൻ ഭൂരിപക്ഷമുള്ള രാജ്യമാണ് മ്യാന്മർ. പൗരത്വം നിഷേധിക്കപ്പെട്ട് ബംഗ്ലാദേശികളായി വിശേഷിപ്പിക്കപ്പെടുന്ന റോഹിങ്ക്യകൾക്കെതിരെ കടുത്ത വിവേചനവും പീഡനവുമാണ് രാജ്യത്ത് തുടരുന്നത്. ഇതിനെതിരെ ലോകമെങ്ങും തുടരുന്ന പ്രതിഷേധത്തിെൻറ തുടർച്ചയായാണ് ദലൈലാമയും രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്കൻ അപാർത്തീഡിനെതിരെ ശക്തമായി സമരമുഖത്തുണ്ടായിരുന്ന ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടുവും നേരത്തെ സൂചിക്കെതിരെ നിലപാട് പരസ്യപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.