ബശ്ശാർ അൽഅസദ് കിഴക്കൻ ഗൂത സന്ദർശിച്ചു
text_fieldsഡമസ്കസ്: വിമതർക്കെതിരെ സിറിയൻ സേന ആക്രമണം നടത്തുന്ന കിഴക്കൻ ഗൂത സന്ദർശിച്ച് ബശ്ശാർ അൽഅസദ്. റഷ്യൻ സഹായത്തോടെ നടത്തിയ ആക്രമണത്തിലൂടെ പ്രദേശത്തിെൻറ 80 ശതമാനവും പിടിച്ചെടുത്തതോടെയാണ് സിറിയൻ പ്രസിഡൻറ് ഗൂതയിലെത്തിയത്. സിറിയൻ സേനാംഗങ്ങളെ അഭിവാദ്യം ചെയ്യുന്ന ബശ്ശാറിെൻറ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സർക്കാർ ടി.വി ചാനൽ പുറത്തുവിട്ടത്.
ഡമസ്കസിനെ സംരക്ഷിച്ച സൈനികരെ നഗരം എല്ലാ കാലത്തും ഒാർമിക്കുമെന്ന് അദ്ദേഹം സേനാംഗങ്ങളോട് പറഞ്ഞു. ലോകത്തിന് മുഴുവൻ വേണ്ടിയാണ് സേനയുടെ പോരാട്ടമെന്നും ഭീകരരെ കൊല്ലുന്ന ഒാരോ ബുള്ളറ്റും പ്രധാനമാണെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. അതിനിടെ, ഗൂതയിൽ സിറിയൻ സേനയുടെ ആക്രമണം തുടരുകയാണെന്ന് നിരീക്ഷകർ അറിയിച്ചു. സിവിലിയന്മാരെയും വിമതരെയും ഒരുപോലെ ലക്ഷ്യം വെച്ചാണ് ആക്രമണം തുടരുന്നത്.
സിവിലിയൻ താമസസ്ഥലങ്ങൾക്കുമേൽ കഴിഞ്ഞ ദിവസവും ആക്രമണമുണ്ടായതായി ഇവർ വെളിപ്പെടുത്തി. എന്നാൽ, യു.എന്നുമായി കൂടിയാലോചിച്ച് വെടിനിർത്തലിന് വിമതർ ശ്രമമാരംഭിച്ചിട്ടുണ്ട്. നിരവധി സിവിലിയന്മാർ വിമതനിയന്ത്രണത്തിലുള്ള പ്രദേശത്ത് ഭക്ഷണവും മരുന്നുമില്ലാതെ അകപ്പെട്ടിരിക്കയാണ്. ആഴ്ചകൾക്കുമുമ്പ് ആരംഭിച്ച ആക്രമണത്തിൽ ഗൂതയിൽ മാത്രം 1250 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.