ഗുഹയിൽ ജീവൻ നിലനിർത്തിയത് ജന്മദിന പലഹാരം
text_fieldsബാേങ്കാക്: ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തായ്ലൻഡിലെ താം ലുവാങ് ഗുഹയിലെ ഇരുട്ടിൽ 17 ദിവസം മരണത്തെ അതിജീവിച്ച് കഴിഞ്ഞുകൂടിയ 12 കുട്ടികളും അവരുടെ ഫുട്ബാൾ ടീം കോച്ചും വെളിച്ചം കണ്ടിരിക്കുകയാണ്. കാണാതായി ഒമ്പത് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇവർ ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ, എല്ലാവരുടെയും മനസ്സിൽ ഉദിച്ച സംശയമാണ് കുട്ടികളായ ഇവർ എങ്ങനെയാണ് ഭക്ഷണവും മറ്റുമില്ലാതെ ഇത്രയും ദിവസം ഗുഹക്കുള്ളിൽ ജീവൻ നിലനിർത്തിയത് എന്ന്. കുട്ടികളിലൊരാളുടെ ജന്മദിനാഘോഷത്തിനായി കരുതിയ പലഹാരം, ഗുഹാന്തർഭാഗത്തുനിന്നും ഇറ്റിറ്റായി വന്ന ജലം, ധ്യാനം എന്നിവയാണ് 13 പേരുടെയും ജീവൻ നിലനിർത്താൻ സഹായകമായത്.
കുട്ടികൾ കാണാതായ ജൂൺ 23ാം തീയതി 17 വയസ്സായ പീരാപത് സോംപിയാങ്ജെയുടെ ജന്മദിനം ആഘോഷിക്കാനായിരുന്നു കോച്ചും കുട്ടികളും ഗുഹക്കുള്ളിൽ പ്രവേശിച്ചത്. ആേഘാഷങ്ങളുടെ ഭാഗമായി കൂട്ടുകാർ പലഹാരവും വാങ്ങി സൂക്ഷിച്ചിരുന്നു. ഇതാണ് ഏറെ ഉപകാരമായത്. എന്നാൽ, ഇതിൽനിന്നും പങ്കുപറ്റാതെ ഭക്ഷണം കോച്ച് കുട്ടികൾക്ക് തന്നെ വീതിച്ചുനൽകുകയായിരുന്നു. ജൂലൈ രണ്ടിന് അവസാന വ്യക്തിയും പുറത്തെത്തിയപ്പോൾ ഏറ്റവും അധികം ക്ഷീണിതനായി കാണപ്പെട്ടതും കോച്ച് അകീ തന്നെ ആയിരുന്നു. കൂടിയ അളവിൽ ഉൗർജം അടങ്ങിയ എളുപ്പം ദഹനം സാധ്യമാകുന്ന ഭക്ഷണങ്ങൾ പിന്നീട് ഡൈവർമാർ കുട്ടികൾക്ക് എത്തിച്ചുനൽകി.
കുട്ടികൾ ഗുഹയിൽ കുടുങ്ങിയ സമയത്ത് അകത്ത് വേണ്ടവിധത്തിൽ വായുസഞ്ചാരം ഉണ്ടായിരുന്നു. എന്നാൽ, ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ഗുഹക്കുള്ളിലെ ഒക്സിജെൻറ അളവും കുറഞ്ഞുകൊണ്ടേയിരുന്നു. തുടക്കത്തിൽ 21ശതമാനം ഉണ്ടായിരുന്ന ഒാക്സിജൻ 15ലേക്ക് താഴ്ന്നത് ആശങ്കക്കിടയാക്കിയിരുന്നു. പുറംലോകത്തെ യാതൊന്നും അറിയാതെ ഇരുട്ടിൽ കഴിയുന്ന കുട്ടികളുടെ മാനസിക നിലയെക്കുറിച്ചായിരുന്നു ഏവർക്കും ആവലാതി. എന്നാൽ, കോച്ചാകുന്നതിന് മുമ്പ് കുറച്ചുകാലം ബുദ്ധ സന്യാസിയായിരുന്ന അകീ പരിശീലിപ്പിച്ച ധ്യാനമുറകൾ കുട്ടികളെ മാനസിക പിരിമുറുക്കത്തിൽ നിന്നും മറ്റും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർ തങ്ങളുടെ കുടുംബങ്ങളിൽനിന്നും കൈമാറിക്കൊണ്ടുവന്ന കത്തുകൾ അവർക്ക് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണേകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.