സിറിയയിൽ ആയുധ സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; കുട്ടികളടക്കം 69 മരണം
text_fieldsഡമസ്കസ്: സിറിയയിൽ വിമത നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ നഗരമായ സർമദയിൽ ആയുധ സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ 69 പേർ മരിച്ചു. 17 കുട്ടികൾ ദുരന്തത്തിനിരയായെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സമിതി അറിയിച്ചു. തുർക്കി അതിർത്തിയോട് ചേർന്ന് ഇദ്ലിബ് പ്രവിശ്യയിലാണ് സ്ഫോടനം.
രാജ്യത്ത് വിമത നിയന്ത്രണത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പ്രധാന മേഖലയാണിത്. രണ്ടു കെട്ടിടങ്ങൾ സ്ഫോടനത്തിൽ സമ്പൂർണമായി തകർന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ചുപേരെ ജീവനോടെ പുറത്തെത്തിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. വിമത വിഭാഗമായ ഹയാതു തഹ്രീരിശ്ശാമിെൻറ നിയന്ത്രണത്തിലുള്ള മേഖലയിൽ താമസ കെട്ടിടത്തോടു േചർന്നാണ് ആയുധ സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതാണ് വൻതോതിൽ കുട്ടികൾ ദുരന്തത്തിനിരയാവാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
മേഖലയിൽ സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനോട് കൂറുപുലർത്തുന്ന സേനക്ക് സാന്നിധ്യമുണ്ടെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല. അടുത്തിടെ, മേഖലയിൽ വിമത സംഘങ്ങൾ പരസ്പരം നടത്തുന്ന ആക്രമണങ്ങൾ വലിയ കുരുതിക്ക് കാരണമാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇൗ സ്ഫോടനവും സമാനമായ ആഭ്യന്തര പോര് മൂലമാകാം സംഭവിച്ചതെന്നു സൂചനയുണ്ട്.
സിറിയയിൽ മറ്റിടങ്ങളിലേറെയും തിരിച്ചുപിടിച്ച സർക്കാർ സേന ഇദ്ലിബും തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. വിമതർക്ക് കീഴടങ്ങാൻ അന്ത്യശാസനം നൽകി വ്യാഴാഴ്ച ഹെലികോപ്ടറുകളിൽ നോട്ടീസ് വിതരണം നടത്തിയിരുന്നു. ഏറെ വൈകാതെ മേഖല സർക്കാർ നിയന്ത്രണത്തിലാകുമെന്ന് ബശ്ശാർ അൽഅസദ് വ്യക്തമാക്കി.
25 ലക്ഷമാണ് മേഖലയിലെ ജനസംഖ്യ. ഇതിൽ പകുതിയും സംഘർഷംമൂലം വീടുവിട്ട് പലായനം ചെയ്തവരാണ്. സിറിയയിൽ 2011ൽ ആരംഭിച്ച ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ മൂന്നര ലക്ഷത്തിലേറെ പേർ കൊല്ലപ്പെടുകയും ദശലക്ഷങ്ങൾ അഭയാർഥികളാകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.