േറാഹിങ്ക്യൻ അഭയാർഥി പ്രവാഹം വീണ്ടും ശക്തം
text_fieldsധാക്ക: സൈനികരും ബുദ്ധ തീവ്രവാദികളും തുടരുന്ന ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ട് നാടുവിടുന്ന റോഹിങ്ക്യകളുടെ എണ്ണം വീണ്ടും കുത്തനെ കൂടി. റാഖൈനിൽ വീടുകൾക്കു നേരെ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ ആക്രമണം ആരംഭിച്ചതോടെയാണ് ആയിരങ്ങൾ വീണ്ടും ബംഗ്ലാദേശ് അതിർത്തി ലക്ഷ്യമിട്ട് എത്തുന്നത്. തിങ്കളാഴ്ച മാത്രം വൻതോതിൽ അഭയാർഥികൾ എത്തിയതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് അതിർത്തി ജില്ലയായ പാലോങ് ഖാലിയിലാണ് ഇവരിലേറെയും അഭയം തേടിയത്. ആക്രമണത്തിന് സൈനികരെന്നപോലെ ബുദ്ധ തീവ്രവാദികളും നേതൃത്വം കൊടുക്കുന്നതായും വീടുകളും മറ്റു സ്ഥാപനങ്ങളും ചാമ്പലാക്കുന്നതായും രക്ഷപ്പെേട്ടാടിയവർ പറയുന്നു.
അതിനിടെ, ബംഗ്ലാദേശിലേക്ക് പുറപ്പെട്ട റോഹിങ്ക്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി കുട്ടികളുൾപ്പെടെ 12 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. മ്യാന്മറിനെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന നാഫ് പുഴയിലാണ് അപകടം. 35 പേർ കയറിയ ബോട്ടാണ് മുങ്ങിയതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരിലേറെയും കുട്ടികളാണ്. ഒരു സ്ത്രീയും പുരുഷനുമാണ് മറ്റുള്ളവർ. ആഗസ്റ്റ് അവസാനത്തോടെ വീണ്ടും ശക്തിപ്രാപിച്ച പലായനത്തിനിടെ നിരവധി പേരാണ് ദുരന്തത്തിനിരയായത്. സെപ്റ്റംബറിൽ മാത്രം 60 പേർ മുങ്ങിമരിച്ചതായി കണക്കുകൾ പറയുന്നു.
അതിർത്തിയോടു ചേർന്ന് ബംഗ്ലാദേശ് നിർമിച്ച ക്യാമ്പുകളിലായി അഞ്ചു ലക്ഷത്തിലേറെ അഭയാർഥികളാണ് തിങ്ങിക്കഴിയുന്നത്. നേരത്തെയുള്ളതിനു പുറമെ വിവിധ നഗരങ്ങളിൽ ബംഗ്ലാദേശ് സർക്കാർ പുതിയ ക്യാമ്പുകൾ അടുത്തായി പൂർത്തിയാക്കിയിട്ടുണ്ട്.
സായുധ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം സെപ്റ്റംബറിൽ അവസാനിപ്പിച്ചതാണെന്നും പുതിയ നീക്കത്തിനു കാരണമറിയില്ലെന്നുമാണ് മ്യാന്മർ സർക്കാർ വിശദീകരണം. പ്രദേശത്ത് ഭക്ഷ്യവസ്തുക്കളുടെ അഭാവവും സുരക്ഷ ഭീഷണിയുമാകാം കാരണമെന്നും സർക്കാർ വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചു. റോഹിങ്ക്യകളെ പൊലീസ് വേട്ടയാടുന്നത് ഇപ്പോഴും തുടരുകയാണ്. ഇതുകൂടി പലായനത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.