അവസാന രോഗിയും ആശുപത്രി വിട്ടു; കോവിഡ് മുക്തരാജ്യമായി കംബോഡിയ
text_fieldsനോംപെൻ: തായ്ലൻഡിെൻറ അയൽരാജ്യമായ കംബോഡിയയിൽ കഴിഞ്ഞ ഒരു മാസമായി ഒറ്റ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ കംബോഡിയ കോവിഡ് മുക്തമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
എന്നാൽ, നിലവിൽ തുടരുന്ന നിയന്ത്രണങ്ങൾ ഒന്നും തന്നെ നിർത്തിവെക്കാൻ സർക്കാർ ഒരുങ്ങിയിട്ടില്ല. മുൻകരുതലുകൾ നടപടി തുടരുന്നതിനൊപ്പം സ്കൂളുകളും അതിർത്തികളും അടഞ്ഞു തന്നെ കിടക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങളോട് ജാഗ്രത തുടരാൻ ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ആളുകൾ ഒരുമിച്ച് കൂടുന്ന സാഹചര്യങ്ങൾ കർശനമായി നിയന്ത്രിക്കാനും അദ്ദേഹം ഉത്തരവിട്ടു.
36 കാരിയായ സ്ത്രീയാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ലൈവ് സ്ട്രീമിലൂടെ മാധ്യമങ്ങളോട് സംസാരിച്ച അവർ, തെൻറ ജീവൻ രക്ഷിച്ചതിൽ ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിച്ചു. ഏപ്രിൽ 12നാണ് കംബോഡിയയിൽ അവസാനമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ 14,684 കൊവിഡ് പരിശോധനകൾ രാജ്യത്ത് നടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
122 പേർക്കാണ് കംബോഡിയയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അയൽരാജ്യമായ സിംഗപ്പൂരിൽ 27,635 രോഗികൾ ചികിത്സയിലാണ്. 22 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 6,872 പേർക്ക് രോഗം സ്ഥിരീകരിച്ച മലേഷ്യയിൽ 113 പേരാണ് മരിച്ചത്. ഇന്തോനേഷ്യയിൽ സ്ഥിതി വളരെ മോശമാണ്. 17,025 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 1,089 പേർ മരിക്കുകയും ചെയ്തു.
12,305 പേർക്ക് രോഗം സ്ഥിരീകരിച്ച ഫിലിപ്പീൻസാണ് മറ്റൊരു ഹോട്സ്പോട്ട്. 817 പേരാണ് അവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് ഇതുവരെ 3.11 ലക്ഷം പേരാണ് കൊറോണ വൈറസ് മൂലം മരിച്ചത്. 46 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.