ഉത്തരകൊറിയൻ കമ്പനികളോട് രാജ്യം വിടാൻ ചൈന
text_fieldsബെയ്ജിങ്: ചൈനയിൽ വ്യവസായം നടത്തുന്ന എല്ലാ ഉത്തര കൊറിയൻ കമ്പനികളോടും പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം. ഈ വർഷം അവസാനത്തോടെ രാജ്യം വിടാനാണ് ഉത്തര കൊറിയൻ കമ്പനികൾക്കു നൽകിയിരിക്കുന്ന നിർേദശം. ചൈനീസ് മാധ്യമങ്ങളാണ് വാണിജ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.
ഉത്തര കൊറിയക്കെതിരായ യു.എൻ ഉപരോധനടപടികളോട് സഹകരിച്ചാണ് ചൈനയുടെ തീരുമാനം. ഉത്തര കൊറിയൻ പൗരന്മാർക്ക് ഓഹരിപങ്കാളിത്തമുള്ള വ്യവസായങ്ങളും വ്യവസായസ്ഥാപനങ്ങളും പൂട്ടാനും നിർേദശിച്ചിട്ടുണ്ട്. ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനുപിന്നാലെ സെപ്റ്റംബർ 11നാണ് ഉത്തര കൊറിയക്കുമേൽ ഐക്യരാഷ്ട്രസംഘടന ഉപരോധം ഏർപ്പെടുത്തിയത്. ഈ തീയതി മുതൽ 120 ദിവസത്തിനുള്ളിൽ ചൈന-ഉത്തര കൊറിയ പൗരന്മാരുടെ സംയുക്തസംരംഭങ്ങൾ അടച്ചുപൂട്ടണമെന്നാണ് സർക്കാർ നിർദേശം.
ഉത്തര കൊറിയയുടെ കാര്യത്തിൽ ചൈന കടുത്ത നിലപാട് കൈക്കൊള്ളുന്നില്ലെന്ന പരാതി നേരത്തേമുതൽ യു.എസിനുണ്ട്. ഇതേത്തുടർന്ന് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ചൈനയിലെ ബാങ്കുകളോട് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ഉത്തരകൊറിയക്ക് കൂടുതൽ എണ്ണ ഉൽപ്പന്നങ്ങൾ നൽകുന്നതും ചൈനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.