ഷി ജിൻപിങ് അനിശ്ചിതകാലം വാഴണം: ചൈന ഭരണഘടന പൊളിച്ചെഴുതുന്നു
text_fieldsബെയ്ജിങ്: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന് 2023നു ശേഷവും അനിശ്ചിതകാലം അധികാരത്തിൽ തുടരാൻ സാധ്യത തേടി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി(സി.പി.സി). നിലവിൽ രാജ്യത്ത് തുടർച്ചയായ രണ്ടുതവണ മാത്രമേ പ്രസിഡൻറ്/വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ വഹിക്കാൻ ഒരാൾക്ക് അധികാരമുള്ളൂ. ഭരണഘടന ഭേദഗതിയിലൂടെ ആ നിയമം പൊളിച്ചെഴുതി ഷിയെ അനിശ്ചിതകാലം പ്രസിഡൻറ് പദത്തിൽ നിലനിർത്താനാണ് പാർട്ടിയുടെ നീക്കം.
നാളെ തുടങ്ങുന്ന പാർട്ടി പ്ലീനത്തിൽ ഇത് അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഷിക്കെതിരായ നീക്കം പാർട്ടിക്കെതിരെന്നാണ് പൊതുതത്ത്വം. അതിനാൽ പാർട്ടി നിർദേശം െഎകകണ്ഠ്യേന അംഗീകരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ എത്രകാലം വേണമെങ്കിലും ഷി ക്ക് പ്രസിഡൻറ് പദവിയിലിരിക്കാം. അതോടെ, മൂന്നു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് മാവോ സെ തൂങ്ങിനുശേഷം ഏറ്റവും പ്രബലനായ നേതാവായി മാറും ഷി.
കഴിഞ്ഞവർഷം നടന്ന പാർട്ടി സമ്മേളനത്തിൽ ഷി യുടെ പിൻഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല. തുടർന്ന് 2023നു ശേഷവും ഷി അധികാരത്തിൽ തുടരുമെന്ന് അഭ്യൂഹമുയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് സി.പി.സിയുടെ നീക്കം.
സമ്മേളനത്തിൽ ഷിയെ രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായി തെരഞ്ഞെടുത്തിരുന്നു. മാവോ സെതൂങ്ങിനുശേഷം ഇൗ പദവി ലഭിക്കുന്ന ആദ്യത്തെ പരമോന്നത നേതാവാണിദ്ദേഹം. ‘ഷി തത്ത്വങ്ങൾ’ എന്ന പേരിൽ അദ്ദേഹത്തിെൻറ ആശയങ്ങൾ പേരുസഹിതം ഭരണഘടനയിൽ രേഖപ്പെടുത്തുകയും ചെയ്തു. 2012ൽ ഷി സി.പി.സി ജനറൽ സെക്രട്ടറിയായും 2013 ൽ ചൈനീസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. 2017ലെ പാർട്ടി സമ്മേളനത്തിൽ ഇൗ പദവികൾ തുടരാൻ തീരുമാനിച്ചു. നിലവിൽ 2023ൽ അദ്ദേഹത്തിെൻറ പ്രസിഡൻറ് കാലാവധി അവസാനിക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സായുധ സേനയുടെയും തലവനാണ് ഷി. ഷിയുടെ മുൻഗാമികളായ ജിയാങ് സെമിനും ഹു ജിൻറാവോയും രണ്ടു തവണകളിലായി 10 വർഷമാണ് അധികാരത്തിലിരുന്നത്.
68 വയസ്സ് പൂർത്തിയായാൽ നേതാക്കൾ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നും നിയമമുണ്ട് ചൈനയിൽ. എന്നാൽ, 64കാരനായ ഷിയുടെ കാര്യത്തിൽ ഇതു ബാധകമാവുമെന്ന് കരുതുന്നില്ല. അധികാരമേറ്റശേഷം അഴിമതിക്കെതിരായ നടപടികൾ ശക്തമാക്കി പാർട്ടിയുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു അദ്ദേഹം. അഴിമതിക്കാരായ നിരവധി ഉന്നതതല ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.