ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരെ കുറിച്ച് വിവരമില്ല; ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം
text_fieldsവാഷിങ്ടൺ ഡി.സി: ഗൽവാൻ താഴ്വരയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങൾ ഭരണകൂടം പുറത്തുവിടാത്തതിൽ ബന്ധുക്കൾക്ക് പ്രതിഷേധം. മരണപ്പെട്ടവരുടെ യഥാർഥ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ച ചൈനീസ് ഭരണകൂടത്തിന്‍റെ നടപടിയാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
രാജ്യത്തെ സമൂഹ മാധ്യമമായ വൈബോ വഴിയാണ് ആളുകൾ പ്രതികരിക്കുന്നത്. മരണപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യു.എസ് ആസ്ഥാനമായ ബ്രീറ്റ്ബാർട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷത്തിൽ മരിച്ച ഏതാനും സൈനിക ഒാഫീസർമാരുടെ പേരിൽ ചൈനീസ് ഭരണകൂടം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഏറ്റുമുട്ടലിൽ ഒരു കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിക്കുകയും ചെയ്തു.
മരണവും ഗുരുതര പരിക്കുമടക്കം 43ലധികം സൈനികർക്ക് അത്യാഹിതം സംഭവിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഏറ്റുമുട്ടലിൽ സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച ചൈനീസ് സ്റ്റേറ്റ് മീഡിയ എഡിറ്റർ ഹു ഷീജിൻ, അവരുടെ എണ്ണം പുറത്തുവിട്ടിരുന്നില്ല.
ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈന നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ അടക്കം 20 സൈനികരുടെ വിവരങ്ങൾ ഇന്ത്യൻ സർക്കാർ പുറത്തുവിട്ടിരുന്നു. കൂടാതെ, മൃതദേഹങ്ങൾ സ്വദേശത്ത് എത്തിക്കുകയും സൈനിക ബഹുമതിയോടെ മറവ് ചെയ്യുകയും ചെയ്തിരുന്നു.
ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈന്യം പിടികൂടിയ 10 ഇന്ത്യൻ സൈനികരെ മോചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.