രണ്ടു കുട്ടി നയവും അവസാനിക്കുന്നു; കൂടുതൽ കുട്ടികളാകാമെന്ന് ചൈന
text_fieldsബെയ്ജിങ്: കൂടുതൽ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ചൈനീസ് ദമ്പതിമാർക്ക് ആശ്വസിക്കാം. രണ്ടു കുട്ടികൾ മാത്രം മതിയെന്ന നയം ചൈനീസ് സർക്കാർ അവസാനിപ്പിക്കുന്നു. ഇൗ നയം അവസാനിപ്പിക്കുന്നതിനായുള്ള കരട് നിയമത്തിന് രൂപം നൽകിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ഷിൻഹുവ പത്രം റിപ്പോർട്ട് ചെയ്തു.
രണ്ടു കുട്ടികളിലേറെയുള്ള ദമ്പതികളിൽനിന്ന് പിഴ ഇൗടാക്കുന്നതാണ് നിലവിലെ രീതി. ജനസംഖ്യ നിരക്ക് കുറക്കുന്നതിെൻറ ഭാഗമായാണ് ചൈനയിൽ ജനനനിരക്ക് കുറക്കാനായി 1979 മുതൽ ഒറ്റക്കുട്ടി നയം ആവിഷ്കരിച്ചത്. 2016 വരെ ഒറ്റക്കുട്ടി നയമാണ് ചൈന പിന്തുടർന്നത്. അതിനു തയാറാകാത്തവരെ നിർബന്ധിച്ച് വന്ധ്യംകരണവും ഗർഭച്ഛിദ്രവും നടത്തി.
രാജ്യത്ത് യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ്, വൃദ്ധരുടെ എണ്ണം പെരുകിയത് മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ രണ്ടു കുട്ടികൾ ആകാമെന്ന് സമ്മതിച്ചു. യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് സാമ്പത്തികരംഗത്തും പ്രതികൂലമായി ബാധിച്ചു.
മൂന്നു കുഞ്ഞുങ്ങളടങ്ങുന്ന പന്നികുടുംബത്തിെൻറ ചിത്രമുൾക്കൊള്ളിച്ച് സ്റ്റാമ്പ് പുറത്തിറക്കിയതു മുതൽ രാജ്യത്ത് കുട്ടികളുടെ എണ്ണത്തിലെ നിയന്ത്രണം എടുത്തുകളയുന്നു എന്ന് അഭ്യൂഹം പരന്നിരുന്നു. ചൈന പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സ്റ്റാമ്പ് പുറത്തുവിട്ടത്.
2016ല്‍ രണ്ട് കുട്ടി നയം നിലവില്‍ വരുന്നതിന് മുന്‍പ് പുറത്തിറക്കിയ സ്റ്റാമ്പില്‍ രണ്ടുകുട്ടികളുമായി സന്തോഷത്തോടെയിരിക്കുന്ന കുരങ്ങുകുടുംബത്തിന്റെ ചിത്രമായിരുന്നു. നിലവിൽ ഉയ്ഗൂർ മുസ്ലിംകൾക്കും തിബത്തുകൾക്കുമാണ് നിയമത്തിൽ ഇളവനുവദിച്ചിരുന്നത്. കരട് ഇൗയാഴ്ച പാർലമെൻറിൽ ചർച്ചക്കുവെക്കും. 2020ഒാടെ നിയന്ത്രണം പൂർണമായി എടുത്തുകളയാനാണ് ഉദ്ദേശിക്കുന്നത്.
ഒൗദ്യോഗിക കണക്കു പ്രകാരം 140 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2016ൽ 1.79 കോടി കുഞ്ഞുങ്ങളാണ് പിറന്നത്. 2017ൽ 1.72 കോടി കുട്ടികളും. സർക്കാർ കണക്കുകൂട്ടിയത് രണ്ടുകോടി കുഞ്ഞുങ്ങൾ ജനിക്കുമെന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.