യു.എസ്–ഉത്തര കൊറിയ സ്പര്‍ധ അവസാനിപ്പിക്കണമെന്ന് ചൈന
text_fields
ബെയ്ജിങ്: ഉത്തര കൊറിയയോടും യു.എസിനോടും നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കണമെന്ന് ചൈന. യു.എസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസങ്ങള്‍ക്കു പകരമായി ഉത്തര കൊറിയ നടത്തുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. കൊറിയന്‍ ഉപദ്വീപില്‍ സംജാതമായ സംഘര്‍ഷം ഒഴിവാക്കുന്നതിന് ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ചൈനയുടെ വാര്‍ഷിക പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയും യു.എസും സംയുക്ത വാര്‍ഷിക സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്. ഇത് എക്കാലത്തും ഉത്തര കൊറിയയെ ചൊടിപ്പിച്ചിരുന്നു. അതോടൊപ്പം ഉത്തര കൊറിയക്കെതിരെ കൊറിയന്‍ അതിര്‍ത്തിയില്‍ യു.എസ് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുകയും ചെയ്തു. ഇത് തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഭീഷണിയായാണ് ചൈന കാണുന്നത്.
യു.എസ് മിസൈല്‍-വിരുദ്ധ പ്രതിരോധ സംവിധാനമായ താഡ് പ്രയോജനപ്പെടുത്തുന്നതിലൂടെ ദക്ഷിണകൊറിയക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്ന് വാങ് കുറ്റപ്പെടുത്തി. ഇത് ചൈനയുടെ സുരക്ഷക്ക് കോട്ടം തട്ടുന്നതാണ്. വിട്ടുകൊടുക്കാന്‍ തയാറാവാതെ നേര്‍ക്കുനേര്‍ വരുന്ന ട്രെയിനുകളെപ്പോലെയാണ് ഇരു വിഭാഗങ്ങളും. ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെ സുരക്ഷാപ്രശ്നങ്ങളും അവസാനിപ്പിക്കാന്‍ സാധിക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ളേര്‍സണ്‍ അടുത്തയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കയാണ്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനാകുമെന്ന് വാങ് പ്രത്യാശ പ്രകടിപ്പിച്ചു. വടക്കുകിഴക്കന്‍ ഏഷ്യയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. ഉത്തരകൊറിയ തിങ്കളാഴ്ച നാലു മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. അതില്‍ മൂന്നെണ്ണം ജപ്പാന്‍െറ സമുദ്രാതിര്‍ത്തിക്കകത്തുള്ള പ്രത്യേക സാമ്പത്തികമേഖലയിലാണ് പതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.