ചൈനയിൽ 1700 വർഷം പഴക്കമുള്ള മമ്മി കണ്ടെത്തി
text_fieldsബെയ്ജിങ്: 1700 വർഷം പഴക്കം തോന്നിക്കുന്നതും കാര്യമായ നാശം സംഭവിക്കാത്തതുമായ മമ്മി ചൈനയിൽ കണ്ടെത്തി. ചൈനയിലെ വടക്കു--പടിഞ്ഞാറൻ പ്രവിശ്യയിലെ ക്വിൻഗായിൽ ആണ് 1.62 മീറ്റർ നീളമുള്ള മമ്മിയെ ഭൂമിക്കടിയിൽനിന്ന് പുറത്തെടുത്തത്. 40ാം വയസ്സിൽ മരണമടഞ്ഞുവെന്ന് കരുതുന്ന പുരുഷ ശരീരത്തിൽ തൊലി, മുടി എന്നിവയെല്ലാം നാശം സംഭവിക്കാതെ അതേപടി നിലനിൽക്കുന്നതായി പറയുന്നു.
ശാന്തമായ മുഖഭാവത്തോടെ വയറിനുമേൽ കൈകൾ പിണച്ചുവെച്ച രൂപത്തിലായിരുന്നു ഇത്. ഹെയ്ക്സി പെർഫെക്ച്വറൽ മ്യൂസിയം ഒാഫ് എത്നോളജിയിൽ ഇൗ മമ്മി സൂക്ഷിച്ചുവെക്കും. വംശമടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മമ്മിയുടെ ഡി.എൻ.എ പരിശോധന നടത്തുമെന്ന് മ്യൂസിയം ഡയറക്ടർ ക്സിൻ ഫെങ് അറിയിച്ചു. ഉണങ്ങിയ കാട്ടുചൂരൽ, ശരീരം പൊതിയാനുപയോഗിച്ച പായ, കുതിരയുടെ കുളമ്പ്, പെണ്ണാടിെൻറ അസ്ഥികൾ എന്നിവക്കൊപ്പമായിരുന്നു മമ്മി കിടന്നത്.
ഇവ അന്നത്തെ കാലത്ത് വരേണ്യ വിഭാഗക്കാർ മരിച്ചാൽ മൃതദേഹത്തിനൊപ്പം അടക്കം ചെയ്യുന്നവയാണെന്ന് കരുതുന്നു. മാൻഗായ് നഗരത്തിലെ അതിപുരാതനമായ സിൽക്ക് റോഡിൽ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയിലാണ് മമ്മി കണ്ടെത്തിയതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. തക്ലാമകാൻ മരുഭൂമിയോട് വളരെ അടുത്തു കിടക്കുന്ന പ്രദേശമാണിത്. ഉയ്ഗൂർ വംശജരായ മുസ്ലിംകൾ താമസിക്കുന്ന സ്കിങ്ജിയാങ് പ്രവിശ്യയിലൂടെയാണ് സിൽക്ക് റോഡ് ഇപ്പോൾ കടന്നുപോവുന്നത്. പുരാതന കാലത്ത് ഇത് പ്രധാന വാണിജ്യ പാതയായിരുന്നുവെന്ന സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.