ലാറ്റിനമേരിക്കയിലെ സ്വാധീനം: ചൈനയും യു.എസും തമ്മിൽ വാക്യുദ്ധം
text_fieldsബെയ്ജിങ്: ലാറ്റിനമേരിക്കയിൽ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ ഇടപെടൽ ഗുണകരമല്ലെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ ചൈനീസ് ഒൗദ്യോഗിക പത്രം. പോംപിയോയുടെ പ്രസ്താവന അജ്ഞതയും വിദ്വേഷവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൈന ഡെയ്ലി പത്രമാണ് പ്രതികരിച്ചത്. ചൈന ലാറ്റിനമേരിക്കയിൽ നിക്ഷേപം വർധിപ്പിക്കുന്നത് യു.എസിന് ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് പോംപിയോ വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്.
തുടർന്ന് പാനമ, മെക്സികോ എന്നീ രാജ്യങ്ങളുടെ ഉന്നതനേതൃത്വവുമായി കൂടിക്കാഴ്ചക്കു ശേഷം ചൈനയിലെ ഇടപെടൽ ഗുണകരമാവില്ലെന്ന് പറയുകയുണ്ടായി. ഇതാണ് ചൈനയെ പ്രതികരിക്കാൻ പ്രകോപിപ്പിച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന വൻ വ്യാപാര ശൃംഖലക്ക് ചൈന ശ്രമിച്ചുവരുന്നുണ്ട്. ഇതിൽ ലാറ്റിനമേരിക്കയിലെ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്.
യു.എസുമായി ഭൂമിശാസ്ത്രപരമായി അടുപ്പമുള്ള ലാറ്റിനമേരിക്കയിൽ ചൈനീസ് സ്വാധീനം വർധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നത്. നേരത്തേ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനെ തുടർന്ന് രൂപപ്പെട്ട വ്യാപാരയുദ്ധം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.