യുനെസ്കോ മേധാവി തെരഞ്ഞെടുപ്പ്: ചൈന പിൻമാറി
text_fieldsബെയ്ജിങ്: യുനെസ്കോ (യു.എൻ എജുക്കേഷനൽ സയൻറിഫിക് ആൻഡ് കൾചറൽ ഒാർഗനൈസേഷൻ) മേധാവി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ചൈന പിന്മാറി. സ്ഥാനാർഥി ക്വാൻ ടാങ്ങിനെ പിൻവലിച്ച കാര്യം ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. യുനെസ്കോയിൽനിന്ന് പിന്മാറാനുള്ള യു.എസിെൻറയും ഇസ്രായേലിെൻറയും തീരുമാനത്തെ പിന്തുണക്കുന്നതായും ചൈന അറിയിച്ചു.
2010മുതൽ യുനെസ്കോയുടെ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ആയിരുന്നു ടാങ്. ആദ്യവട്ട വോെട്ടടുപ്പിനുശേഷമാണ് ഇദ്ദേഹത്തെ പിൻവലിച്ചത്. ഇൗജിപ്തിനെ പിന്തുണക്കുന്നതിെൻറ ഭാഗമായാണ് തീരുമാനമെന്നും ചൈന വ്യക്തമാക്കി. മൂന്നാംഘട്ടത്തിൽ ടാങ്ങിന് അഞ്ചും ഇൗജിപ്തിെൻറ മുശീറ ഖത്താബിന് 13ഉം വോട്ടുകളാണ് ലഭിച്ചത്. ചൈന പിന്മാറുന്നതോടെ ഇവർക്ക് 18 വോട്ടുകൾ ലഭിക്കും. വെള്ളിയാഴ്ചയാണ് അന്തിമ തെരഞ്ഞെടുപ്പ്.
യു.എസിനുപിന്നാലെ യുനെസ്കോയിൽ നിന്ന് പിന്മാറുന്നതായി ഇസ്രായേലും അറിയിച്ചിരുന്നു. ഇസ്രായേൽ വിരുദ്ധനിലപാട് തുടരുന്നുവെന്നാരോപിച്ചാണ് യു.എസ് യുനെസ്കോയിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ബുദ്ധിശൂന്യതയുടെ നാടകക്കളരിയാണ് യുനെസ്കോ എന്നാരോപിച്ച ഇസ്രായേൽ യു.എസിെൻറ തീരുമാനം ധീരവും ധാർമികവും ആണെന്ന് പ്രഖ്യാപിച്ചു. ഹീബ്രൂണിലെ വെസ്റ്റ്ബാങ്ക് പൈതൃകനഗരിയായി പ്രഖ്യാപിക്കാനുള്ള യുനെസ്കോയുടെ തീരുമാനം ഇസ്രായേലിനെ പ്രകോപിപ്പിച്ചിരുന്നു.
പിന്മാറുന്നതിനായുള്ള നടപടികൾ ആരംഭിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം നെതന്യാഹുവിെൻറ ഒാഫിസും സ്ഥിരീകരിച്ചിട്ടുണ്ട്. 2011ൽ ഇസ്രായേലിെൻറ എതിർപ്പ് മറികടന്ന് ഫലസ്തീന് പൂർണ അംഗത്വം നൽകിയത് യു.എസിനെ ചൊടിപ്പിച്ചിരുന്നു. ആ വർഷം സംഘടനക്കുനൽകുന്ന സഹായം യു.എസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ, ഒൗദ്യോഗികമായി പിന്മാറ്റം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
2018 ഡിസംബർ 31 വരെ മാത്രം യുനെസ്കോയിൽ തുടരുമെന്നാണ് യു.എസ് അറിയിച്ചത്. പിന്നീട് നിരീക്ഷകപദവിയിൽ തുടരും. പാരിസ് ആണ് 1945 നവംബർ 16ന് നിലവിൽവന്ന സംഘടനയുടെ ആസ്ഥാനം. നിലവിൽ ഇന്ത്യയുൾപ്പെടെ 195 അംഗങ്ങളാണ് യുനെസ്കോയിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.