വെസ്റ്റ് ബാങ്ക് അധിനിവേശം: നടപടികൾ മാറ്റിവെച്ച് ഇസ്രായേൽ
text_fieldsജറൂസലം: ജോർഡൻ താഴ്വര ഉൾപ്പെടുന്ന വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുന്ന നടപടി വൈകുമെന്ന സൂചന നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജൂലൈ ഒന്നിന് അധിനിവേശ നടപടികൾ ആരംഭിക്കുമെന്നായിരുന്നു ഇസ്രായേലിെൻറ പ്രഖ്യാപനം. എന്നാൽ, പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായി കൂടുതൽ ചർച്ചകൾ ആവശ്യമെന്ന നിലപാടാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കുവെച്ചത്.
വിഷയത്തിൽ വൈറ്റ് ഹൗസ് പ്രതിനിധി ബെർകോവിറ്റ്സുമായും ഇസ്രായേലിലെ യു.എസ്. അംബാസഡർ ഡേവിഡ് ഫ്രൈഡ്മാനും നെതന്യാഹു ചർച്ച നടത്തിയിരുന്നു.
വെസ്റ്റ് ബാങ്കിലെ ഏതൊക്കെ പ്രദേശങ്ങൾ കൂട്ടിച്ചേർക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മാസങ്ങൾ നീളുന്ന ചർച്ചകൾ ആവശ്യമാണെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേലിെൻറ പരാമാധികാരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചർച്ചയിൽ ഉന്നയിക്കപ്പെട്ടതെന്നും വരും ദിവസങ്ങളിൽ ഇതിനായി നടപടികൾ ആരംഭിക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘മധ്യ പൗരസ്ത്യ പദ്ധതി’യുടെ പിൻബലവും ഇസ്രായേലിനുണ്ടായിരുന്നു.
അതേസമയം, യു.എൻ. സെക്രട്ടറി ജനറലും യൂറോപ്യൻ യൂനിയനും അറബ് രാജ്യങ്ങളും കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കൂട്ടിച്ചേർക്കൽ പദ്ധതി താൽകാലികമായി നിർത്തിവെക്കാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഇസ്രായേലിന് മുന്നറിയിപ്പുമായി ബോറിസ് ജോൺസൺ
ലണ്ടൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിെൻറ ഭാഗം കൂട്ടിച്ചേർക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ഇസ്രായേലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ മുന്നറിയിപ്പ്. ഇതു നിയമവിരുദ്ധവും രാജ്യത്തിെൻറ താൽപര്യത്തിന് വിരുദ്ധവുമാണെന്ന് ജോൺസൺ പറഞ്ഞു. വികാരാവേശത്തോടെ ഇസ്രായേലിനുവേണ്ടി പ്രതിരോധിക്കാനിറങ്ങുന്നയാളാണ് താനെങ്കിലും ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇസ്രായേൽ പത്രമായ ‘യെദിയോത് അഹ്റോനോത്തി’ൽ എഴുതിയ കുറിപ്പിൽ ജോൺസൺ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.