നവാസ് ശരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്
text_fieldsഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സുപ്രീംകോടതി ആജീവനാന്ത വിലക്കേർപ്പെടുത്തി. ഭരണഘടന നിയമപ്രകാരം അയോഗ്യത കൽപിക്കപ്പെട്ട എം.പിമാർ ആജീവനാന്തകാലത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് വിലക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ശരീഫിെൻറ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുന്ന വിധിയാണ് വെള്ളിയാഴ്ച അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ചത്.
വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് പൊതുപ്രവർത്തകർ മാന്യമായ പെരുമാറ്റം കാത്തുസൂക്ഷിക്കേണ്ടവരാണെന്ന് ചീഫ് ജസ്റ്റിസ് മിയാൻ സാഖിബ് നിസാർ നിരീക്ഷിച്ചു. പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസുകളെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കിയിരുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച ശരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് വാദിച്ചിരുന്നു.
സുപ്രീംകോടതി വിധി മാനിക്കില്ലെന്ന് ശരീഫിെൻറ പാർട്ടിയായ പാകിസ്താൻ മുസ്ലിംലീഗ് വ്യക്തമാക്കി.
രാഷ്ട്രീയക്കാർ സദാചാരവാദികളാണോ എന്ന് നോക്കുകയല്ല, സുപ്രീംകോടതിയുടെ ജോലിയെന്ന് വിവരാവകാശ മന്ത്രി മർയം ഒൗറംഗസേബ് പ്രതികരിച്ചു. മുതിർന്ന പ്രതിപക്ഷ നേതാക്കളായ ഇംറാൻ ഖാൻ, ജഹാംഗീർ തരീൻ (തെഹ്രീകെ ഇൻസാഫ് പാർട്ടി) എന്നിവർക്കും വിധി ബാധകമാണ്. അനധികൃത സ്വത്തിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ജഹാംഗീറിനെ അയോഗ്യനാക്കിയിരുന്നു.
നിലവിൽ ശരീഫ് നിരവധി അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ 21 വർഷം വരെ തടവ് ലഭിക്കും. ഇൗ കേസുകളിലെ വിധി ഇൗ മാസം അവസാനമോ അടുത്ത മാസം ആദ്യവാരമോ പ്രഖ്യാപിച്ചേക്കും. പാകിസ്താനിൽ ഇൗ വർഷം ജൂലൈ അവസാനവാരം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് തെൻറ സഹോദരൻ ശഹബാസിനെ ആണ് നവാസ് ശരീഫ് പിൻഗാമിയായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.