ഫിലിപ്പീൻ ദ്വീപിൽ പട്ടാളനിയമം പ്രഖ്യാപിച്ചു
text_fieldsമോസ്കോ: ഫിലിപ്പീൻസിലെ ദക്ഷിണ ദ്വീപായ മിൻഡനാവോയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. പ്രമുഖ നഗരമായ മറാവിയിൽ ഭീകരസംഘടനകൾ നടത്തിയ ഉപരോധത്തെ തുടർന്നാണ് പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെ കരിനിയമം പ്രഖ്യാപിച്ചത്. നിയമം പ്രാബല്യത്തിലായതായി നാലുദിവസത്തെ സന്ദർശനത്തിനെത്തിയ ദുതേർതെ റഷ്യയിൽ പ്രഖ്യാപിച്ചു. ഉപരോധത്തെ തുടർന്ന് റഷ്യൻ സന്ദർശനം വെട്ടിച്ചുരുക്കി ദുതേർതെ ഫിലിപ്പീൻസിലേക്ക് മടങ്ങി. ചൊവ്വാഴ്ചയാണ് മറാവിയിൽ ഉപരോധം തുടങ്ങിയത്. അബൂ സയ്യാഫ്, മൗതി എന്നീ സംഘടനകളാണ് ഉപരോധം നടത്തുന്നത്. ഇവർ പശ്ചിമേഷ്യയിലെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണെന്ന് സർക്കാർ ആരോപിക്കുന്നു.
ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടു പട്ടാളക്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആക്രമികൾ ഒരു ക്രിസ്ത്യൻ പള്ളി, നഗരത്തിലെ ജയിൽ, രണ്ടു സ്കൂളുകൾ എന്നിവ തകർത്തു. കൂടാതെ, നഗരത്തിലേക്കുള്ള പ്രധാന തെരുവുകളും രണ്ടു പാലങ്ങളും ഉപരോധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
60 ദിവസത്തേക്കാണ് പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അത് ഒരുവർഷം വരെ നീട്ടിയേക്കുമെന്ന് ദുതേർതെ പറഞ്ഞു. കരിനിയമം പ്രഖ്യാപിച്ച സാഹചര്യത്തിൽ കടുത്ത നടപടികളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.കരിനിയമം പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിസ്ത്യൻ പള്ളിയിൽ ഇരച്ചുകയറിയ ആക്രമികൾ പുരോഹിതനടക്കം നിരവധിപേരെ ബന്ദികളാക്കി. പട്ടാളത്തെ പിൻവലിക്കണമെന്നാണ് ആവശ്യം.
പുതിയ സംഭവവികാസങ്ങൾ ദ്വീപ്നിവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കരിനിയമം പ്രഖ്യാപിച്ചതിനുപിന്നാലെ രണ്ടു ലക്ഷം പേർ താമസിക്കുന്ന മറാവിയിൽനിന്നും ആയിരങ്ങൾ രാജ്യത്തിെൻറ മറ്റുഭാഗങ്ങളിലേക്ക് പലായനം തുടങ്ങി. അതിനിടെ, കരിനിയമം രാജ്യവ്യാപകമാക്കാൻ ആലോചനയുണ്ടെന്ന് ദുതെർതേ പ്രഖ്യാപിച്ചത് രാജ്യം സംഘർഷഭരിതമായ ദിനങ്ങളിലേക്ക് നീങ്ങുമെന്നതിന് സൂചനയായി വിലയിരുത്തപ്പെടുന്നു. സ്വയം ഭരണപ്രദേശമായ മിൻഡനാവോ മുസ്ലിം ഭൂരിപക്ഷ മേഖലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.