കിഴക്കൻ ഗൂത ബോംബാക്രമണം; 13 ദിവസത്തിനിടെ മരിച്ചത് 674 പേർ
text_fieldsഡമസ്കസ്: സിറിയയിലെ കിഴക്കൻ ഗൂതയിൽ രണ്ടാഴ്ചയോളമായി റഷ്യൻ പിന്തുണയോടെ ബശ്ശാർ സൈന്യം തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 674 ആയി. സന്നദ്ധസംഘമായ വൈറ്റ്ഹെൽമറ്റ് ആണ് കണക്ക് പുറത്തുവിട്ടത്. ഫെബ്രുവരി 18 മുതലാണ് ആക്രമണം തുടങ്ങിയത്.
സിറിയയിൽ 30 ദിവസത്തെ വെടിനിർത്തലിന് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കിയെങ്കിലും പ്രാബല്യത്തിലായില്ല. അന്താരാഷ്ട്ര വിമർശനം കണക്കിലെടുത്ത് റഷ്യയുടെ നേതൃത്വത്തിൽ ദിനേന അഞ്ചു മണിക്കൂർ വെടിനിർത്താനും ധാരണയായിരുന്നു. അതും ലംഘിക്കപ്പെട്ടു. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 103 പേർ കൊല്ലപ്പെട്ടതായി വൈറ്റ് ഹെൽമറ്റ് സംഘത്തിലെ മഹ്മൂദ് ആദം പറഞ്ഞു.
അവരിൽ 22 പേർ കുട്ടികളും 43 പേർ സ്ത്രീകളുമാണ്. കിഴക്കൻ ഗൂതയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് റഷ്യയുടെയും സിറിയൻ സൈന്യത്തിെൻറയും പോർവിമാനങ്ങൾ ഇരമ്പുന്നത്. ആക്രമണം കനത്തതോടെ ജനങ്ങൾ ഭൂമിക്കടിയിൽ ഗർത്തങ്ങളുണ്ടാക്കി അഭയം തേടിയിരിക്കുകയാണ്. അവശ്യസൗകര്യങ്ങൾ പോലുമില്ലാത്ത ഇൗ ഗർത്തങ്ങളിൽ ദിവസങ്ങളോളം കഴിയാൻ നിർബന്ധിതരാവുകയാണ് നിസ്സഹായരായ ജനങ്ങൾ.
അതിനിടെ, സിറിയയിൽ 30 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ആഹ്വാനം ചെയ്തു. രക്ഷാസമിതി പാസാക്കിയ പ്രമേയം പ്രാബല്യത്തിലാക്കുന്നതിന് ബശ്ശാർ ഭരണകൂടത്തിൽ റഷ്യ സമ്മർദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
യു.എൻ അടിയന്തര സഹായം 1.8 ലക്ഷം േപർക്കു മാത്രം
ഡമസ്കസ്: കിഴക്കൻ ഗൂതയിൽ കുടുങ്ങിക്കിടക്കുന്ന 1.8 ലക്ഷം പേർക്കുള്ള സഹായം എത്തിക്കാൻ ബശ്ശാർ ഭരണകൂടം യു.എന്നിന് അനുമതി നൽകി. 2013 മുതൽ ഉപരോധത്തിൽ കഴിയുന്ന മേഖലയിൽ നാലു ലക്ഷത്തോളം പേരാണുള്ളത്. സഹായവുമായി യുനിസെഫിെൻറ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച പുറപ്പെടും.
കുട്ടികൾ ഉൾപ്പെടെ, അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്ന് യു.എൻ വ്യക്തമാക്കിയ ആയിരത്തോളം പേരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരെ യുദ്ധമേഖലയില്നിന്ന് പുറത്തെത്തിക്കുന്നതു സംബന്ധിച്ച് ഒരുതരത്തിലുള്ള കരാറുകൾക്കും സാധ്യതയില്ലെന്നും യു.എൻ പ്രതിനിധി ഗീയർട്ട് കേപ്പിലെയർ പറഞ്ഞു.
വിമതരുടെ ശക്തികേന്ദ്രങ്ങളായ രണ്ടു ഗ്രാമങ്ങൾ സൈന്യം പിടിച്ചെടുത്തു. കൂടുതൽ ഇടങ്ങളിലേക്ക് അക്രമം വ്യാപിക്കുകയാണെന്ന് ഉപഗ്രഹദൃശ്യങ്ങൾ വിലയിരുത്തി കഴിഞ്ഞദിവസം യു.എൻ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങൾ തകർന്നു തരിപ്പണമായെന്നും റിപ്പോർട്ടിലുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപെട്ടാണ് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടത്. യുദ്ധത്തിൽ രാസായുധ പ്രയോഗം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, സിറിയക്ക് രാസായുധം നൽകുന്നുവെന്ന റിപ്പോർട്ട് ഉത്തര കൊറിയ തള്ളി.
ജനങ്ങൾക്കായി സിറിയൻ സൈന്യം ഒരുക്കിയ ‘രക്ഷാപാത’ തമാശയാണെന്ന് യു.എസും കുറ്റപ്പെടുത്തി. ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താൽ ഈ പാത ഉപയോഗിക്കാൻ അവർ ഭയപ്പെടുകയാണ്. അത്രമേൽ അരക്ഷിതമാണ് മേഖലയെന്നും യു.എസ് വ്യക്തമാക്കി. മേഖലയിലെ ദുരന്തപൂർണമായ അവസ്ഥ വിലയിരുത്താൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തര യോഗവും ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.