ഗൂത പകുതി കീഴടക്കി സിറിയൻ സേന
text_fieldsെബെറൂത്: സിറിയയിൽ തലസ്ഥാന നഗരമായ ഡമസ്കസിനു സമീപം വിമത നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂതയിൽ ഒൗദ്യോഗിക സേന ആക്രമണം കനപ്പിച്ചു. തന്ത്രപ്രധാനമായ രണ്ടു പട്ടണങ്ങളിൽ ഉപരോധമേർപ്പെടുത്തിയ ബശ്ശാർ സേന ഇവയെ ബന്ധിപ്പിക്കുന്ന മേഖലയിൽ മുന്നേറ്റം തുടരുകയാണെന്നും ഒടുവിലെ റിപ്പോർട്ടുകൾ പറയുന്നു. ഗൂതയുടെ മധ്യമേഖലകളിൽ സൈനിക നടപടി ശക്തമാക്കിയതായി കഴിഞ്ഞ ദിവസം സിറിയൻ സർക്കാർ ടെലിവിഷൻ വ്യക്തമാക്കിയിരുന്നു.
മിസർബ പട്ടണം പിടിച്ചെടുത്ത സേന സമീപത്തെ കൃഷി മേഖലകൾകൂടി നിയന്ത്രണത്തിലാക്കിയതായി വിമതരും സ്ഥിരീകരിച്ചിട്ടുണ്ട്. വിമതർക്ക് ഇപ്പോഴും നിയന്ത്രണമുള്ള ദൂമ, ഹറസ്ത പട്ടണങ്ങളിലാണ് ഉപരോധമേർപ്പെടുത്തിയത്. ഇവിടങ്ങളിലേക്കുള്ള റോഡുകൾ സൈന്യം പിടിച്ചതോടെ വിമതർ ഏതുനിമിഷവും വീഴുമെന്നതാണ് സ്ഥിതി. ഇവിടങ്ങളിലെ സൈനികരെ പിൻവലിക്കുകയാണെന്ന് പ്രധാന വിമത ഗ്രൂപ് ജയ്ശുൽ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. നാലു ലക്ഷത്തോളം പേർ കിഴക്കൻ ഗൂതയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ആക്രമണം മൂന്നാഴ്ച പൂർത്തിയാകുന്നതോടെ കിഴക്കൻ ഗൂതയുടെ പകുതിയിലേറെ മേഖലകളും പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ പിന്തുണക്കുന്ന സേന പിടിച്ചെടുത്തിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന മേഖലകൾകൂടി വീഴുമെന്നാണ് സൂചന. ഡമസ്കസിനെ സുരക്ഷിതമാക്കാൻ ഗൂത പിടിക്കേണ്ടതുണ്ടെന്നാണ് പ്രസിഡൻറിെൻറ നിലപാട്. കനത്ത വ്യോമാക്രമണം തുടരുന്നതിനൊപ്പം കരമാർഗം ആക്രമണം നടത്തിയാണ് പ്രദേശങ്ങൾ പിടിക്കുന്നത്. 2013 മുതൽ പ്രദേശം വിമതരുടെ നിയന്ത്രണത്തിലാണ്.
അതിനിടെ, കടുത്ത ക്ഷാമവും ദുരിതവും തുടരുന്ന ഗൂതയിൽ ഭക്ഷ്യവസ്തുക്കളുമായി പ്രത്യേക ദൗത്യസംഘം എത്തി. 13 ട്രക്കുകളിലാണ് ഇവിടെ ഭക്ഷണമെത്തിച്ചതെന്ന് റെഡ്ക്രോസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.