റോഹിങ്ക്യൻ ബോട്ട് മുങ്ങി എട്ടു മരണം
text_fieldsകോക്സ് ബസാർ (ബംഗ്ലാദേശ്): മ്യാന്മറിൽനിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യൻ അഭയാർഥികളുമായി വരുകയായിരുന്ന ബോട്ട് മുങ്ങി കുട്ടികളടക്കം എട്ട് പേർ മരിച്ചു. 20ഒാളം പേരെ കാണാതായി. ബംഗ്ലാദേശിനെയും മ്യാന്മറിനെയും വേർതിരിക്കുന്ന നാഫ് നദി മുറിച്ചുകടക്കവെയാണ് 50ലധികം പേരുണ്ടായിരുന്ന ബോട്ട് മുങ്ങിയതെന്ന് ബംഗ്ലാദേശ് ബോർഡ് ഗാർഡ് ഏരിയ കമാൻഡർ ലഫ്. കേണൽ എസ്.എം. ആരിഫുൽ ഇസ്ലാം പറഞ്ഞു. ബംഗ്ലാദേശ് തീരത്തിന് 200 മീറ്റർമാത്രം അകലെയെത്തിയപ്പോഴാണ് ബോട്ട് മുങ്ങിയത്. അതുകൊണ്ട് 21 പേർക്ക് നീന്തി കരക്കെത്താൻ സാധിച്ചു.
ഒന്നര മാസത്തിനിടെ ബംഗ്ലാദേശിലേക്ക് അഭയാർഥികളുമായി വരുകയായിരുന്ന റോഹിങ്ക്യൻ ബോട്ടുകൾ മുങ്ങി 200ലധികം പേർ മരിച്ചിട്ടുണ്ട്. മരം കൊണ്ട് നിർമിക്കുന്ന ദുർബലമായ ബോട്ടുകളിലാണ് തിങ്ങിക്കയറി അഭയാർഥികൾ ബംഗ്ലാദേശിലേക്കെത്താൻ ശ്രമിക്കുന്നത്. അമിതഭാരത്തോടെ ഒരുവിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ പുറപ്പെടുന്ന ഇത്തരം ബോട്ടുകൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ചെറിയ ബോട്ടുകളാണ് അഭയാർഥികളെ എത്തിക്കാൻ ഉപയോഗിക്കുന്നത്. ബംഗ്ലാദേശ് ഭാഗത്തുള്ള ബോട്ടുടമകൾ വലിയ തുക വാങ്ങിയാണ് റോഹിങ്ക്യൻ അഭയാർഥികളെ നിറച്ച് നാഫ് നദി വഴി എത്തിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത്തരത്തിലുള്ള ബോട്ട് മുങ്ങി 34 പേർ മരിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.