ഉർദുഗാൻ: തുർക്കിയുടെ മനസ്സറിഞ്ഞ രാഷ്ട്രീയക്കാരൻ
text_fields1954 ഫെബ്രുവരി 26ന് ഇസ്തംബൂളിലെ കസിംപസ എന്ന സ്ഥലത്ത് കോസ്റ്റ് ഗാർഡ് ആയിരുന്ന അഹ്മദിെൻറയും തൻസീർ ഉർദുഗാെൻറയും മകനായാണ് ഉർദുഗാെൻറ ജനനം. ചെറുപ്പത്തിൽ നല്ല ഫുട്ബാൾ കളിക്കാരനായിരുന്നു. മികച്ച ക്ലബുകളിൽ കളിക്കാൻ ആഗ്രഹിച്ച ഉർദുഗാനെ മാതാപിതാക്കൾ ആ വഴിക്ക് കൂടുതൽ സഞ്ചരിക്കാൻ അനുവദിച്ചില്ല. വിദ്യാർഥി കാലത്ത് തുർക്കി ദേശീയ വിദ്യാർഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. നാഷനൽ സാൽവേഷൻ പാർട്ടി നേതാവ് നജ്മുദ്ദീൻ അർബകാെൻറ ആശയങ്ങളിൽ ആകൃഷ്ടനായാണ് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. 1976ൽ പാർട്ടിയുടെ ഇസ്തംബൂളിലെ യുവ വിഭാഗത്തിെൻറ നേതൃത്വത്തിലെത്തി. 1980ലെ സൈനിക അട്ടിമറിയെ തുടർന്ന് പാർട്ടി പിരിച്ചുവിട്ടു. അതിനിടെ മർമറ സർവകലാശാലയിൽനിന്ന് ബിരുദം നേടി, ഉർദുഗാൻ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിച്ചു.
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായ ഇദ്ദേഹം 1994ലെ തെരഞ്ഞെടുപ്പിൽ ഇസ്തംബൂൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നഗരത്തിെൻറ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഇൗയവസരം ഉർദുഗാൻ ഉപയോഗപ്പെടുത്തി. എന്നാൽ, രാജ്യത്തിെൻറ മതേതര നിയമം ലംഘിച്ച േകസിൽ ഉൾപ്പെട്ട് 1997ൽ മേയർ സ്ഥാനത്തുനിന്ന് ഒഴിയേണ്ടിവന്നു. കേസിൽ നാലു മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടിയും വന്നു.
2001ലാണ് ഉർദുഗാനടക്കമുള്ളവർ ചേർന്ന് അക് പാർട്ടി രൂപവത്കരിക്കുന്നത്. 2002ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. 2003ൽ ഉർദുഗാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയെന്ന നിലയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ രാജ്യത്തിെൻറ സാമ്പത്തിക നില ഭദ്രമാക്കി. രാജ്യത്തിെൻറ മനസ്സറിഞ്ഞ നിലപാടുകളുമായി മുന്നോട്ടുപോയ അദ്ദേഹത്തിലൂടെ സാധാരണക്കാരും മധ്യവർഗവും അക് പാർട്ടിയോട് കൂടുതൽ അടുത്തു. തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഉർദുഗാെൻറ വിജയം ആവർത്തിച്ചു.
2014ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥിയായ ഉർദുഗാൻ വിജയം കൊയ്തു. 2016 ജൂലൈ 15ന് രാത്രി രാജ്യത്ത് സൈനിക അട്ടിമറിക്ക് ശ്രമമുണ്ടായി. എന്നാൽ, അട്ടിമറിക്കെതിരെ തെരുവിലിറങ്ങാനുള്ള ഉർദുഗാെൻറ ആഹ്വാനം ഏറ്റെടുത്ത ജനം ശ്രമം പരാജയപ്പെടുത്തി. 400ലേറെ പേർ സംഭവത്തിൽ കൊല്ലപ്പെട്ടതായാണ് കണക്ക്.
2017ൽ രാജ്യത്തെ പാർലെമൻററി സംവിധാനത്തെ പ്രസിഡൻഷ്യൽ രീതിയിേലക്ക് പരിവർത്തിപ്പിക്കാനുള്ള ഹിതപരിശോധന നടന്നു. ഉർദുഗാനും അക് പാർട്ടിയും പിന്തുണച്ച നിലപാടിന് ഹിതപരിശോധനയിൽ അനുകൂല തീരുമാനമുണ്ടായി.
ഇത്തരത്തിൽ പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറിയ സംവിധാനത്തിലെ ആദ്യ തെരഞ്ഞെടുപ്പാണ് ഇൗ ജൂൺ 24ന് നടന്നത്. കൂടുതൽ അധികാരങ്ങളോടെ ചുമതലയേറ്റതോടെ ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കമാൽ അത്താതുർകിന് ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരിക്കുകയാണ് ഉർദുഗാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.