സമയപരിധി അവസാനിച്ചു; കുടിയൊഴിപ്പിക്കൽ ഭീതിയിൽ ഫലസ്തീനി ഗ്രാമം
text_fieldsഗസ്സ: വീടൊഴിഞ്ഞുപോകാൻ ഇസ്രാേയൽ കോടതി നൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ വെസ്റ്റ് ബാങ്കിലെ ഖാൻ അൽഅഹ്മർ ഗ്രാമവാസികൾ മുൾമുനയിൽ.
ഫലസ്തീനികൾ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന നാടോടി ഗ്രാമമാണ് ഇസ്രായേൽ നിയമവിരുദ്ധമായി അധിനിവേശത്തിനൊരുങ്ങുന്നത്.
സുപ്രീംകോടതിയും പിന്തുണച്ചതോടെ അടുത്തിടെ ഖാൻ അൽഅഹ്മറിലെ വീടുകൾക്കു മുന്നിൽ ഇസ്രായേൽ സേനയെത്തി കുടിയൊഴിപ്പിക്കൽ നോട്ടീസ് പതിച്ചിരുന്നു. പിറന്നഗ്രാമത്തിൽ അധിനിവേശം അംഗീകരിക്കില്ലെന്നുറപ്പിച്ച് നാട്ടുകാർ പ്രദേശത്തെ സ്കൂൾമുറ്റത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇവർക്ക് പിന്തുണയുമായി നിരവധി സന്നദ്ധപ്രവർത്തകരും എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ ഗ്രാമങ്ങൾക്കു നടുവിലായതിനാൽ ഇവിടെ താമസക്കാരായ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാൻ വർഷങ്ങളായി ഇസ്രായേൽ സർക്കാർ ശ്രമം തുടരുന്നുണ്ട്. അടുത്തിടെ സുപ്രീംകോടതിയും അനുമതി നൽകിയതോടെയാണ് നടപടികൾ വേഗത്തിലായത്. കുടിയൊഴിഞ്ഞുപോകുന്നവർക്ക് മറ്റൊരിടത്ത് വീടു നൽകാമെന്ന് വാഗ്ദാനമുണ്ടെങ്കിലും മുെമ്പാരിക്കലും സമാന വാക്കുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഫലസ്തീനികൾ പറയുന്നു.
200ഒാളം സന്നദ്ധപ്രവർത്തകരാണ് ഇവർക്ക് പിന്തുണയർപ്പിച്ച് സമരമുഖത്തുള്ളത്. പുതിയ കുടിലുകൾ പണിതും മരങ്ങൾ നട്ടും പ്രതിഷേധം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫലസ്തീനികൾ. വെസ്റ്റ് ബാങ്കിൽ പൂർണ ഇസ്രായേൽ നിയന്ത്രണത്തിലുള്ള സി മേഖലയിൽപെട്ടതാണ് ഖാൻ അൽഅഹ്മർ ഗ്രാമം. ഇവിടെയുള്ള ഫലസ്തീനികളെ പൂർണമായി ഒഴിപ്പിക്കാൻ നീക്കം തകൃതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.