രാജിവെച്ച ദക്ഷിണ കൊറിയന്‍ പ്രസിഡൻറ് അറസ്റ്റിൽ
text_fieldsസോൾ: അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ദക്ഷിണ കൊറിയന്‍ പ്രസിഡൻറ് പാര്‍ക് ഗ്യുന്‍ ഹൈ അറസ്റ്റിൽ. ചുരുങ്ങിയത് 20 ദിവസമെങ്കിലും പാര്‍കിന് പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറസ്റ്റ് വാറണ്ട് ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് നടപടി. അഴിമതി, അധികാര ദുര്‍വിനിയോഗം, സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പാര്‍കിനുമേല്‍ ആരോപിക്കപ്പെട്ടത്. സുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
ദക്ഷിണ കൊറിയയെ പിടിച്ചു കുലുക്കിയ സാംസങ്, ഹുണ്ടായി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഉള്‍പ്പെട്ട അഴിമതിക്കേസാണ് പാര്‍കിന്‍െറ പുറത്താക്കലില്‍ കലാശിച്ചത്. ഈ കമ്പനികളില്‍നിന്ന് പാര്‍കിന്‍െറ പേരു പറഞ്ഞ് സുഹൃത്ത് ചോയ് സൂന്‍ സില്‍ ലക്ഷക്കണക്കിന് ഡോളറുകള്‍ കൈപ്പറ്റിയിരുന്നു. ചോയ് നടത്തുന്ന രണ്ട് സന്നദ്ധ സംഘടനകളുടെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതിയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ ചോയ് ഇടപെട്ടിരുന്നു.
എന്നാല്‍, ഈ പണം ചോയ് സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയായിരുന്നത്രെ. പണം നല്‍കുന്നതിന് കമ്പനികളില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പാര്‍കിനെതിരായ ആരോപണം. ഒപ്പം സാംസങ്ങില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും ആരോപണമുയര്‍ന്നു.
പ്രസിഡന്റിന്റെ രാജിക്കായി വന്‍പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നത്. ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചിരുന്ന പാര്‍ക് പിന്നീട് പൊതുജനങ്ങളോട് മാപ്പുപറയുകയും അധികാരത്തില്‍ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു. 1980നു ശേഷം കാലാവധി പൂര്‍ത്തിയാകും മുമ്പ് അധികാരമൊഴിയുന്ന ആദ്യ പ്രസിഡന്‍റാണ് പാര്‍ക്. പാര്‍ക്ക് ചോദ്യം ചെയ്യലിനായി ചുരുങ്ങിയത് 20 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയില് കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.