ലോകം പിടിച്ചുകുലുക്കിയ അഞ്ച് ഹസ്തദാനങ്ങൾ
text_fieldsസോൾ: ഇരുകൊറിയകളുടെ നേതാക്കളും നടത്തിയ ഹസ്തദാനം ചരിത്രപ്രധാനമെന്ന് വാഴ്ത്തുകയാണ് ലോക മാധ്യമങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ലോകത്തെ പിടിച്ചുകുലുക്കിയ ഒേട്ടറെ കൈകുലുക്കലുകളുണ്ട്. അവയിലൂടെ ഒരു ഒാട്ടപ്രദക്ഷിണം:
അറഫാത്ത്-റബിൻ (1993)
നോർവേയിൽ മാസങ്ങളായി നടന്ന രഹസ്യ കൂടിക്കാഴ്ചകൾക്കുശേഷം 1993 സെപ്റ്റംബർ 13ന് വൈറ്റ്ഹൗസിലെ സൗത്ത് ലോണിൽ യു.എസ് പ്രസിഡൻറ് ബിൽ ക്ലിൻറെൻറ സാന്നിധ്യത്തിലാണ് ഫലസ്തീൻ നേതാവ് യാസിർ അറഫാത്തും ഇസ്രായേൽ പ്രധാനമന്ത്രി ഇഷാക് റബിനും ഒാസ്ലോ കരാറിൽ ഒപ്പുവെച്ച് ഹസ്തദാനം ചെയ്തത്. പ്രത്യേക രാജ്യമെന്ന ഫലസ്തീനികളുടെ ആവശ്യം നിരാകരിച്ച് ഇസ്രായേലും അമേരിക്കയും മുന്നോട്ടുവെച്ച പരിമിത സ്വയംഭരണം എന്ന വാഗ്ദാനത്തിനു മുന്നിൽ അറഫാത്ത് തലകുനിച്ച ഉടമ്പടിയാണിതെങ്കിലും ചരിത്രപരമായ ഹസ്തദാനവും കൂടിക്കാഴ്ചയുമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.
എലിസബത്ത് രാജ്ഞി-മക്ഗിന്നസ് (2012)
ബ്രിട്ടീഷ് രാജ്ഞി എലിസബത്തും വടക്കൻ അയർലൻഡ് ഡെപ്യൂട്ടി ഫസ്റ്റ് മന്ത്രിയുമായ മാർട്ടിൻ മക്ഗിന്നസും തമ്മിൽ 2012ൽ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളുടെയും ചരിത്രത്തിൽ െഎതിഹാസികമായിരുന്നു. വടക്കൻ അയർലൻഡിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ െഎറിഷ് റിപ്പബ്ലിക്കൻ ആർമിയിലെ മുൻ കമാൻഡറായ മക്ഗിന്നസ് രാജ്ഞിക്ക് കൈകൊടുക്കുന്നത് ബ്രിട്ടീഷുകാർക്ക് സങ്കൽപിക്കാൻ പോലുമാകാത്തതായിരുന്നു. എന്നാൽ, രാജ്ഞി വടക്കൻ അയർലൻഡ് സന്ദർശിക്കുേമ്പാൾ സ്വീകരിക്കാൻ മന്ത്രിയെന്ന നിലയിൽ മക്ഗിന്നസും എത്തിയതോടെ ചരിത്രത്തിൽ ഇടംപിടിച്ച ഹസ്തദാനം യാഥാർഥ്യമായി.
ഒബാമ-കാസ്ട്രോ (2013)
അവിചാരിതമായ കണ്ടുമുട്ടലും ഹസ്തദാനവുമായിരുന്നു അമേരിക്ക-ക്യൂബ ഭരണാധികാരികളുടേത്. 2013ൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ സംസ്കാര ചടങ്ങുകൾക്കിടെ കണ്ടുമുട്ടിയപ്പോൾ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയും ക്യൂബൻ ഭരണാധികാരി റാഉൾ കാസ്ട്രോയും ഹസ്തദാനം ചെയ്തത് യാദൃച്ഛികമായാണെങ്കിലും പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് അതൊരു നിമിത്തമായി എന്നാണ് കരുതപ്പെടുന്നത്. 2015ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുകയും അടുത്ത വർഷം ഒബാമ ക്യൂബ സന്ദർശിക്കുകയും ചെയ്തു. 88 വർഷത്തിനിടെ യു.എസ് പ്രസിഡൻറിെൻറ ആദ്യ ക്യൂബൻ സന്ദർശനമായിരുന്നു അത്.
ഷി-മാ (2015)
1949ലെ ആഭ്യന്തര യുദ്ധത്തിനുശേഷം ചൈന, തായ്വാൻ നേതാക്കൾ ആദ്യമായി കണ്ടുമുട്ടിയത് 2015ൽ സിംഗപ്പൂരിലായിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തായ്വാൻ ഭരണാധികാരി മാ യിങ് ജിയോവുയും ഒരു മിനിറ്റിലധികം ഹസ്തദാനം ചെയ്തത് ചരിത്രമായി. ഇരുനേതാക്കളും തമ്മിലുള്ള ഹോട്ട്ലൈൻ ബന്ധം സ്ഥാപിക്കുന്നതിലേക്കടക്കം ചർച്ചയെത്തിയെങ്കിലും പിന്നീട് കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. ചൈനയോട് അടുക്കാൻ ശ്രമിച്ചതിൽ അതൃപ്തരായ വോട്ടർമാർ അടുത്ത തെരഞ്ഞെടുപ്പിൽ മായെ പുറന്തള്ളുകയും ചെയ്തു.
ട്രംപ്-ആബെ (2018)
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള ഹസ്തദാനത്തിന് ചരിത്രപ്രാധാന്യമൊന്നുമില്ലെങ്കിലും ഹാസ്യസവിശേഷതയുണ്ടായിരുന്നു. പല നേതാക്കളുമായും ഹസ്തദാനം നടത്തുേമ്പാൾ ട്രംപ് കൈകൾ ഏറെനേരം പിടിച്ചുവെക്കുന്നതും മുഖംകൊണ്ട് ഗോഷ്ടി കാണിക്കുന്നതും പതിവാണ്. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചക്കിടെ ട്രംപിന് ഹസ്തദാനം ചെയ്ത് കൈ പിൻവലിച്ചപ്പോൾ രക്ഷപ്പെട്ടു എന്ന ആബെയുടെ മുഖഭാവമായിരുന്നു ഹൈലൈറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.